Connect with us

Ongoing News

കാര്യവട്ടത്ത് കാലിടറി; സിമ്മൺസ് കരുത്തിൽ വിൻഡീസ് വിജയം

Published

|

Last Updated

തിരുവനന്തപുരം | ട്വന്റി20യിൽ വിൻഡീസിനെതിരെ തുടർച്ചയായ എട്ടാം ജയം തേടിയിറങ്ങിയ ഇന്ത്യക്ക് കാര്യവട്ടത്ത് കാലിടറി.  ഹൈദരാബാദിലെ പരാജയത്തിന്   വെസ്റ്റിൻഡീസ് കണക്കിന് മറുപടി നൽകി.  ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പരമ്പരയിലെ രണ്ടാം അങ്കത്തിൽ കോലിപ്പടയെ എട്ട് വിക്കറ്റിനാണ് വെസ്റ്റിൻഡീസ് തോൽപിച്ചത്.

171 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഒമ്പത് പന്ത് ശേഷിക്കെയാണ് വിജയം പിടിച്ചത്.  45 പന്തിൽ 67 റൺസ് നേടി പുറത്താകാതെ നിന്ന സിമ്മൺസാണ് വിൻഡീസിന് അനായാസ വിജയമൊരുക്കിയത്. ഇവാൽ ലീവിസ് (35 പന്തിൽ 40), നിക്കോളാസ് പുരാൻ (18 പന്തിൽ 38*) എന്നിവരും വെസ്റ്റിൻഡീസ് നിരയിൽ തിളങ്ങി. ഹെറ്റ്മെയ്ർ 14 പന്തിൽ 23 റൺസ് നേടി.

നാല് സിക്സും നാല് ഫോറിന്റെയും അടങ്ങുന്നതായിരുന്നു സിമ്മൺസിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. ഇന്ത്യക്കായി സുന്ദർ, രവീന്ദ്ര ജഡേജ എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്. രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസ് ജയിച്ചതോടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പമെത്തി. ബുധനാഴ്ച നടക്കുന്ന പരമ്പരയിലെ അവസാന മത്സരം ഫൈനലിന് സമാനമായി.

താരമായി ദുബെ 

സ്‌ഫോടനാത്മകമായി ബാറ്റ് ചെയ്ത യുവതാരം ശിവം ദുബെയുടെ അര്‍ധസെഞ്ചുറി മികവില്‍ ഏഴിന് 170 റണ്‍സാണ് ഇന്ത്യ അടിച്ച്കൂട്ടിയത്. ദുബെയാണ് സ്റ്റാർ ഓഫ് ദ മാച്ച്. വണ്‍ ഡൗണായി ഇറങ്ങിയ ദുബെ 30 പന്തില്‍ മൂന്ന് ബൗണ്ടറിയും നാല് സിക്‌സറും പറത്തി 54 റണ്‍സെടുത്ത് പുറത്താകുകയയിരുന്നു. ബാറ്റ് ലിഫ്റ്റിലും ഫൂട്ട്‌വര്‍ക്കിലും യുവരാജ് സിംഗിനെ അനുസ്മരിപ്പിച്ച ദുബെ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിനെ ഒരോവറില്‍ മൂന്ന് സിക്‌സറിന് പറത്തി നല്ലൊരു ബാറ്റിംഗ് വിരുന്നാണ് കാര്യവട്ടത്ത് നല്‍കിയത്. എന്നാല്‍ ദുബെയുടെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ എടുത്തുപറയത്തക്ക പ്രകടനം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ നിന്നുണ്ടായില്ല. 33 റണ്‍സെടുത്ത് ഋഷബ് പന്തും 19 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിയുമാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ കെ എല്‍ രാഹുലിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ നിലയുറപ്പിച്ചുവെന്ന് തോന്നിച്ച രോഹിത്തും മടങ്ങി. 7.4 ഓവറില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഓപ്പണര്‍മാര്‍ മടങ്ങിയത്. കെ എല്‍ രാഹുല്‍ 11 പന്തില്‍ 11 റണ്‍സും രോഹിത് ശര്‍മ 18 പന്തില്‍ 15 റണ്‍സും നേടി.
ജന്മനാട്ടില്‍ നടക്കുന്ന കളിയായിട്ടും സഞ്ജു സാംസണെ പുറത്തിരുത്തിയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തിലെ വിന്നിംഗ് ടീമിനെ തന്നെ നിലനിര്‍ത്താന്‍ കോലി തീരുമാനിക്കുകയായിരുന്നു. മലയാളി ക്രിക്കറ്റ് പ്രേമികള്‍ സഞ്ജു പ്ലയിംഗ് ഇലവനില്‍ വരാന്‍ ഏറെ ആഗ്രഹിക്കുകയും ഇതിനായി ബി സി സി ഐയുടെ വെബ്‌സൈറ്റിലടക്കം ക്യാമ്പയിന്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഋഷഭ് പന്തിനെ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കളത്തിലിറക്കുകയായിരുന്നു.

നാല്‍പ്പതിനായിരത്തോളം കാണികളെ സാക്ഷി നിര്‍ത്തി ഭാഗ്യ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയ ഇന്ത്യക്ക് ടോസ് ഭാഗ്യം ഉണ്ടായില്ല. ടോസ് നേടി വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ റെക്കോര്‍ഡ് സ്‌കോര്‍ ചെയ്‌സ് ചെയ്തതും കാര്യവട്ടത്തെ ഇന്ത്യയുടെ മികച്ച മുന്‍കാല പ്രകടനവും മുന്‍നിര്‍ത്തിയാണ് വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചത്. കൂടാതെ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ച് കൂടുതല്‍ ബാറ്റിംഗിന് അനുകൂലമാകുമെന്ന റിപ്പോര്‍ട്ടുകളും വിന്‍ഡീസ് ക്യാപ്റ്റനെ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.