Connect with us

Kerala

രൂക്ഷ തര്‍ക്കം; ബി ജെ പി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാകാതെ നേതൃത്വം കുഴങ്ങുന്നു

Published

|

Last Updated

കൊച്ചി |  രൂക്ഷ വിഭാഗീയതയും തമ്മിലടിയും കാരണം സംസ്ഥാന ബി ജെ പി ഘടകം വലിയ പ്രതിസന്ധിയില്‍. മിസോറാം ഗവര്‍ണറായതിനെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി എസ് ശ്രീധരന്‍പിള്ള ഒഴിഞ്ഞിട്ട് ഒന്നര മാസം കഴിഞ്ഞു. ഇതുവരെ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഓരോ ഗ്രൂപ്പുകളും വിത്യസ്ത പേരുകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് പ്രതിസന്ധിയേറ്റുന്നത്. ഒരു സമവായം കണ്ടെത്താന്‍ ഇന്ന് പാര്‍ട്ടി കോര്‍കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതോടെ പ്രശ്‌ന പരിഹാരം ഉണ്ടാകണമെങ്കില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്.

ഇന്നത്തെ യോഗത്തില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തില്‍ ആര്‍ എസ് എസിന്റേയും മറ്റ് നേതാക്കളുടേയും അഭിപ്രായം അറിഞ്ഞ ശേഷം കേന്ദ്രനേതൃത്വം തീരുമാനമെടുക്കുമെന്ന് സംഘടനാകാര്യ സെക്രട്ടറി ഡി എല്‍ സന്തോഷ് പ്രതികരിച്ചു. കെ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് വി മുരളീധര വിഭാഗത്തിന്റെ തീരുമാനം. ഇന്നത്തെ യോഗത്തില്‍ അവര്‍ അത് അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ കൃഷ്ണദാസ് പക്ഷം ശക്തമായ എതിര്‍പ്പ് അറിയിക്കുകയായിരുന്നു. എം ടി രമേശിനേയോ, എ എന്‍ രാധാകൃഷ്ണനേയോ പ്രസിഡന്റാക്കണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം. ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ശോഭ സുരേന്ദ്രന്റെ പേരും മുന്നോട്ടുവെക്കുന്നു. വിവിധ നേതാക്കള്‍ സ്വന്തം നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് തീരുമാനം കേന്ദ്ര നേതൃത്വത്തിലേക്ക് നീങ്ങുന്നത്.

ഡിസംബര്‍ പതിനഞ്ചോടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുമെന്നാണ് നേരത്തെ കേന്ദ്രനേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ സമവായമുണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്രനേതൃത്വം ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് അയക്കും. ജിവി എല്‍ നരസിംഹറെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാകും എത്തുക. ഈ സംഘം സംസ്ഥാന നേതാക്കളെ ഓരോരുത്തരെയും കണ്ട് അഭിപ്രായം ആരായും. ആര്‍ എസ് എസിന്റെ അഭിപ്രായവും കേള്‍ക്കും. തുടര്‍ന്നാകും തീരുമാനം.

അതിനിടെ തീരുമാനം ഇനി കേന്ദ്രനേതൃത്വമാണ് കൈക്കൊള്ളുകയെങ്കിലും ഇവിടെയും സമ്മര്‍ദം ശക്തമാക്കാനാണ് വിവിധ ഗ്രൂപ്പുകളുടെ തീരുമാനം. വി മുരളീധരന്‍ കേന്ദ്രമന്ത്രിസഭയില്‍ ഉള്ളത് സുരേന്ദ്രന് കൂടുതല്‍ സാധ്യത തെളിയിന്നു. എന്നാല്‍ സംസ്ഥാനത്ത് കടുത്ത എതിര്‍പ്പ് തുടര്‍ന്നാല്‍ ഇതുവരെ നിര്‍ദേശിക്കപ്പെടാത്ത ആരെയെങ്കിലും പ്രസിഡന്റാക്കാനും ദേശീയ നേതൃ്ത്വം ശ്രമിച്ചേക്കും.

Latest