Connect with us

Kerala

കാര്യവട്ടത്ത് ക്രിക്കറ്റ് പൂരം; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര

Published

|

Last Updated

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം

തിരുവനന്തപുരം | ക്രിക്കറ്റ് ആവേശത്തിൽ തലസ്ഥാന നഗരി. ഇന്ത്യ- വെസ്റ്റിൻഡീസ് ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്പിലാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരന്പര സ്വന്തമാക്കാം. ഇരുടീമുകളും ഹൈദരാബാദിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ ഇന്നലെ വൈകീട്ട് 7.15 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ടീം അംഗങ്ങളെ കെ സി എ ഭാരവാഹികളും ക്രിക്കറ്റ് പ്രേമികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഇരു ടീമുകളും പ്രത്യേകം ബസുകളിൽ ഹോട്ടൽ ലീലയിലേക്ക് പോയി.
ഹൈദരാബാദിൽ നടന്ന ആദ്യമത്സരത്തിൽ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോലിയും സംഘവും ഇറങ്ങുക. കോലിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ ഇന്ത്യ ആറ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. എന്നാൽ, ബൗളിംഗിലും ഫീൽഡിംഗിലും നിറം മങ്ങിയത് വിമർശനത്തിനിടയാക്കി. ഈ പ്രശ്്നങ്ങൾ പരിഹരിക്കാമെന്ന കണക്കൂകൂട്ടലിലാണ് ഇന്ത്യ.

അതേസമയം, പരാജയപ്പെട്ടാൽ പരമ്പര കൈവിടുമെന്നതിനാൽ വെസ്റ്റീൻഡീസിന് ഇന്ന് ജയിച്ചേ മതിയാകൂ. ഇതിനാൽ, മത്സരം കടുക്കും.
മത്സരത്തിന് ശേഷം നാളെ രാവിലെ ഒമ്പത് മണിക്ക് വെസ്റ്റിൻഡീസ് ടീമും രണ്ട് മണിക്ക് ഇന്ത്യൻ ടീമും മൂന്നാം മത്സരത്തിനായി മുംബൈയിലേക്ക് തിരിക്കും. പതിനൊന്നിനാണ് പരമ്പരയിലെ അവസാന ടി20.
മത്സരത്തിനായി ഗ്രീൻഫീൽഡ് സ്റ്റേഡിയം പൂർണ സജ്ജമായി. മത്സരത്തിനായി രണ്ട് പിച്ചുകളും നാല് പ്രാക്ടീസ് പിച്ചുകളുമാണ് ഒരുക്കിയിരിക്കുന്നത്. മത്സരത്തിന്റെ സുരക്ഷാ ഗതാഗത ചുമതലക്കായി സിറ്റി പോലീസ് കമ്മീഷണർ എം ആർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ 1,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മത്സരം വീക്ഷിക്കാനായി കാണികൾക്ക് നാളെ വൈകീട്ട് നാല് മുതൽ പ്രധാന കവാടം വഴി സ്റ്റേഡിയത്തിൽ പ്രവേശിക്കാം. മത്സരം കാണാനെത്തുന്നവർ, ടിക്കറ്റ് ബുക്ക് ചെയ്ത തിരിച്ചറിയൽ കാർഡിന്റെ പകർപ്പും, തിരിച്ചറിയൽ കാർഡും പരിശോധനക്ക് വിധേയമാക്കണം. ഇവിടെനിന്ന് മൂന്ന് സുരക്ഷാ പരിശോധനകൾക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകൾ വഴി സ്റ്റേഡിയത്തിൽ പ്രവേശിക്കാം. കാണികളുടെ തിരക്ക് പരിഗണിച്ച് നേരത്തെ പ്രവേശനം അനുവദിക്കും.

സഞ്ജു കളിക്കുമോ ?

സ്വന്തം നാടായ തിരുവന്തപുരത്ത് സഞ്ജു കളിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. ഓപണർ ശിഖർ ധവാന് പരുക്കേറ്റതോടെയാണ് സഞ്ജുവിനെ ടീമിലേക്ക് തിരികെ വിളിച്ചത്. എന്നാൽ, ആദ്യ മത്സരത്തിൽ താരത്തിന് ഇടംലഭിച്ചില്ല. ഇന്ന് വിന്നിംഗ് കോമ്പിനേഷൻ നിലനിർത്താനാണ് തീരുമാനമെങ്കിൽ താരം പുറത്തിരിക്കേണ്ടിവരും.

വിക്കറ്റ് വേട്ടയിൽ മുന്നിലെത്താൻ ചഹൽ

അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടത്തിനരികിലാണ് ലെഗ് സ്പിന്നർ യുസ് വേന്ദ്ര ചഹൽ. ഹൈദരാബാദിൽ നടന്ന ആദ്യ ടി20യിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ചഹൽ ഇക്കാര്യത്തിൽ രവിചന്ദ്ര അശ്വിനൊപ്പമെത്തി. ഇരുവർക്കും 55 വിക്കറ്റുകളാണുള്ളത്. 35 മത്സരങ്ങളിൽ നിന്നാണ് ചഹലിന്റെ നേട്ടം. അശ്വിൻ 46 മത്സരങ്ങളിൽ നിന്നാണ് ഇത്രയും വിക്കറ്റുകൾ വീഴ്ത്തിയത്. ഇന്ന് തിരുവനന്തപുരത്ത് ചഹൽ അശ്വിനെ മറികടക്കാൻ സാധ്യയേറെ.

ടീം: ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ശ്രേയസ് അയ്യർ, ശിവം ദുബേ, ഋഷഭ് പന്ത്, സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ദീപക് ചാഹർ, യുസ്്വേന്ദ്ര ചഹൽ.

വെസ്റ്റിൻഡീസ്: കീറൺ പൊള്ളാർഡ് (ക്യാപ്റ്റൻ), ഫാബിയൻ അലെൻ, ബ്രൻഡൻ കിംഗ്, ദിനേശ് റാംദിൻ, ഷെൽഡൻ കോട്ട്റൽ, എവിൻ ലേവിസ്, ഷെർഫേൻ റുതർഫോർഡ്, ഷിംറോൺ ഹെറ്റ്‌മെയർ, ജേസൺ ഹോൾഡർ, കീമോ പോൾ, നിക്കോളാസ് പുരാൻ, ഖറി പിറേ, ലെൻഡൽ സിമ്മൺസ്, ഹെയ്‌ഡെൻ വാൾഷ്, കെസ്‌റിക് വില്യംസ്.