Connect with us

National

ഉന്നാവയില്‍ പീഡന പ്രതികള്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ച യുവതിയെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലേക്ക് മാറ്റും

Published

|

Last Updated

ലഖ്‌നോ | ഉന്നാവില്‍ ഹിന്ദുനഗര്‍ ഗ്രാമത്തില്‍ പീഡന പ്രതികള്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ വിദഗദ് ചികിത്സക്കായി വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. നേരത്തെ ബലാത്സംഗത്തിന് ഇരയായ 23 വയസുകാരി തെളിവ് നല്‍കാനായി കോടതിയിലേക്ക് പോകുന്നതിനിടെയാണ് പ്രതികള്‍ തീകൊളുത്തിയത്. 90 ശതമാനത്തോളം പൊള്ളലേറ്റ യുവതി ഇപ്പോള്‍ അതീവഗുരുതരാവസ്ഥയിയില്‍ കഴിയുന്നതിനിടെയാണ് വിദഗ്ദ ചികിത്സക്കായി സര്‍ക്കാര്‍ ഡല്‍ഹിയേക്ക് മാറ്റുന്നത്. യുവതി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ലഖ്‌നോയിലെ സിവില്‍ ആശുപത്രിയില്‍ നിന്ന്എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെത്തിക്കാനാണ് യു പി സര്‍ക്കാറിന്റെ തീരുമാനം. ബി ജെ പി എം എല്‍ എ യുവതിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് പിന്നീട് യുവതിക്കും കുടുംബത്തിനും നേരെ വധശ്രമവും നടന്ന ഉന്നാവില്‍ത്തന്നെയാണ് പുതിയ ആക്രമണവുമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചിലാണ് യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചത്. പിന്നീട് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പ്രതികള്‍ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു. ഇത് സംബന്ധിച്ച കേസിന്റെ തെളിവ് നല്‍കാനായി കോടതിയിലേക്ക് പോകുന്നതിനിടെയാണ് ഇന്ന് യുവതിയെ പ്രതികള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. പൊള്ളലേറ്റ യുവതിയുടെ അവസ്ഥ ഏറെ ദാരുണമായിരുന്നെന്ന് ദൃസാക്ഷി രവീന്ദ്ര പ്രകാശ് പറഞ്ഞു.

പെട്രോള്‍ ഒഴിച്ച് കത്തിച്ചതിനെത്തുടര്‍ന്ന് യുവതി സഹായം അഭ്യര്‍ഥിച്ച് ഒരു കിലോമീറ്ററോളം ഓടി. അടുത്തെത്തിയ എന്റെ കൈയില്‍നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി യുവതി തന്നെയാണ് പോലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചത്. അവര്‍ സഹായത്തിനുവേണ്ടി നിലവിളിച്ചുകൊണ്ടിരുന്നു. നിങ്ങള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ പേരു പറഞ്ഞു.ദേഹമാസകലം ഗുരുതരമായ പൊള്ളലേറ്റിരുന്നതിനാല്‍ ഞാന്‍ ഭയപ്പെട്ടു. അവര്‍ ദുര്‍മന്ത്രവാദിനിയാണോ എന്ന് ഭയന്ന് ഞാന്‍ ഒരു വടി എടുക്കുകപോലും ചെയ്തു. എന്നാല്‍ അപ്പോഴേക്കും പോലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നും ദൃക്‌സാക്ഷി പറഞ്ഞു.

അതിനിടെ, സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബലാത്സംഗക്കേസില്‍ എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ യുവതിയുടെ സുരക്ഷാ ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് അവര്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഒ പി സിംഗിനോട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ നിര്‍ദേശിച്ചു.

 

Latest