Connect with us

Articles

വരുന്നു, നിരക്കുവര്‍ധനയുടെ ഘോഷയാത്രകള്‍

Published

|

Last Updated

ഏകദേശം ഒരു ബില്യണ്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ഇന്നലെ മുതല്‍ അമിത നിരക്കിലാണ് ഫോണ്‍കോളും ഇന്റര്‍നെറ്റ് ഉപയോഗവും നടത്തിക്കൊണ്ടിരിക്കുന്നത്. ബി എസ് എന്‍ എല്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖമായതും ലാഭകരമായതുമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനായി വില്‍പ്പനക്കുവെക്കുകയും ഭരണകൂടത്തിന്റെ ഇഷ്ടക്കാരായവര്‍ക്ക് തീറെഴുതി കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍ കൂടിയാണ് നിരക്ക് വര്‍ധനയെന്ന ഇരുട്ടടി മുന്നറിയിപ്പുകളില്ലാതെ പൊതുജനത്തെ തേടിയെത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയുടെ എല്ലാ കൊള്ളരുതായ്മകളും പിടിച്ചു നിര്‍ത്തിയിരുന്ന സര്‍ക്കാറിന്റെ ബദല്‍ സംവിധാനങ്ങള്‍ നമ്മുടെ ഇടങ്ങളില്‍ നിന്ന് അപ്രത്യക്ഷമായാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നു കാണിച്ചു തരുന്ന ആദ്യ ഉദാഹരണം കൂടിയാണ് മൊബൈല്‍ നിരക്കുകളിലെ വര്‍ധന.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ഓരോന്നായി തങ്ങള്‍ നിരക്കുയര്‍ത്താന്‍ തീരുമാനമെടുത്തിരിക്കുന്നുവെന്ന് കാണിച്ച് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്. വോഡഫോണ്‍- ഐഡിയ, എയര്‍ടെല്‍, ജിയോ കമ്പനികളാണ് മൊബൈല്‍ കോള്‍, ഇന്റര്‍നെറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.

എല്ലാ കമ്പനികളുടെയും 90 ശതമാനത്തിലധികം ഉപഭോക്താക്കളും ഉപയോഗിക്കുന്ന പ്രീപെയ്ഡ് സിം കാര്‍ഡ് ഉപഭോക്താക്കളാണ് ഇപ്പോഴത്തെ ഇരകള്‍. ആദിത്യ ബിര്‍ളയുടെ ഐഡിയ കമ്പനിയും ബ്രിട്ടീഷ് കമ്പനിയായ വോഡഫോണും ചേര്‍ന്നുള്ള വോഡഫോണ്‍ ഐഡിയ കമ്പനിയും എയര്‍ടെല്‍ കമ്പനിയും നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു. ജിയോ അടുത്ത ദിവസം തന്നെ നിരക്കു വര്‍ധന കൊണ്ടുവരും. കമ്പനികള്‍ക്ക് തുടര്‍ച്ചയായി നഷ്ടം സംഭവിച്ചു. ഇത് മൂലം സര്‍ക്കാറിലേക്ക് അടക്കേണ്ട നികുതി വിഹിതം അടക്കാന്‍ സാധിച്ചില്ല. നികുതിയടക്കാന്‍ സുപ്രീം കോടതി നല്‍കിയിരിക്കുന്ന അന്തിമ അവധി ജനുവരിയാണെന്നും വ്യക്തമാക്കിയാണ് വോഡഫോണ്‍- ഐഡിയ, എയര്‍ടെല്‍ കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയത്. വോഡഫോണ്‍ ഐഡിയ കമ്പനിയുടെ പ്ലാന്‍ പ്രകാരം രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെയുള്ള പ്ലാനുകളാണ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് 42 ശതമാനം വര്‍ധനവാണ് വോഡഫോണും ഐഡിയയും ചേര്‍ന്നു വരുത്തിയത്. ഭാരതീയ എയര്‍ടെല്‍ കമ്പനിയും 42 ശതമാനം വരെയുള്ള വര്‍ധന വരുത്തി. കമ്പനിയുടെ മിനിമം റീചാര്‍ജ് ഒരു മാസത്തേക്ക് 35 രൂപയില്‍ നിന്ന് 49 രൂപയായി ഉയര്‍ത്തി. പുതിയ നിരക്കും ലഭിക്കുന്ന സേവനവും കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജിയോ ഈ മാസം ആറ് മുതല്‍ പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍ പുറത്തിറക്കുമെന്നാണ് പ്രഖ്യാപിച്ചത്. നേരത്തേ ഉണ്ടായിരുന്നതിനേക്കാള്‍ 40 ശതമാനം വര്‍ധന ജിയോക്കും ഉണ്ടാകുമെന്നാണ് വിവരം. മറ്റു സേവനദാതാക്കളിലേക്ക് വിളിക്കാന്‍ ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജായി ആറ് പൈസയും കമ്പനികള്‍ ഈടാക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ 67 ശതമാനം വരെ നിരക്ക് വര്‍ധനവ് ഉണ്ടായേക്കുമെന്നും ചില കമ്പനികള്‍ ഇത് 90 ശതമാനം വരെ ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കമ്പനികള്‍ക്ക് നഷ്ടത്തില്‍ നിന്ന് രക്ഷനേടാനുള്ള ഉപാധിയായാണ് സാമ്പത്തിക രംഗത്തുള്ളവര്‍ ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നത്. നിരക്ക് വര്‍ധനവ് വഴി ഈ കമ്പനികള്‍ക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ക്ഷണിക്കാനും റവന്യൂ വര്‍ധിപ്പിക്കാനും കഴിയുമെന്നുമുള്ള നിരീക്ഷണങ്ങളാണ് സാമ്പത്തിക രംഗത്തെ പ്രമുഖര്‍ മുന്നോട്ടു വെക്കുന്നത്. യഥാര്‍ഥത്തില്‍ ഈ നിരക്ക് വര്‍ധനവ് രാജ്യത്തെ സാധാരണ പൗരന്‍മാര്‍ എങ്ങനെ നേരിടുമെന്ന പ്രശ്നം ആരും ചര്‍ച്ച ചെയ്യുന്നുപോലുമില്ലെന്നതാണ് ഏറെ കൗതുകകരമായി തോന്നിയത്. സാമ്പത്തിക മാന്ദ്യം അതിരൂക്ഷമാണെന്നു സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ സമ്മതിക്കുന്ന കാലത്താണ് ടെലികോം കമ്പനികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കു വര്‍ധന പുറത്തു വിട്ടിരിക്കുന്നത്.

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും പൗരന്റെ നിത്യോപയോഗ കാര്യങ്ങളാണ്. അതിലെ ഏതു ചെറിയ മാറ്റങ്ങളും പൗരന്റെ നിത്യ ജീവിതത്തെ ബാധിക്കുന്ന വിഷയവുമാണ്. എന്നാല്‍, ഇത്തരമൊരു വിഷയത്തില്‍ നമ്മുടെ ഭരണാധികാരികളോ അവരുടെ ഏജന്‍സികളോ ഒരു ഇടപെടല്‍ പോയിട്ട് പ്രസ്താവന പോലും നടത്തിയതായി ആര്‍ക്കും അറിവില്ല. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ വിഷയത്തില്‍ ഇടപെടണമെന്നു പല ഭാഗങ്ങളില്‍ നിന്നും ആവശ്യപ്പെട്ടിട്ടുപോലും ഇടപെടാന്‍ തയ്യാറല്ലെന്ന സമീപനമാണ് സ്വീകരിക്കുന്നത്.

യാഥാര്‍ഥത്തില്‍ സ്വകാര്യ കമ്പനികള്‍ ഇത്തരത്തിലുള്ള നീക്കം നടത്തുന്ന സന്ദര്‍ഭങ്ങളിലെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളാണ് പൗരന്‍മാരുടെ രക്ഷക്കെത്തിയിരുന്നത്. സ്വകാര്യ മേഖലയിലെ സേവനങ്ങള്‍ക്ക് വില വര്‍ധിക്കുമ്പോള്‍ ചുരുങ്ങിയ ചെലവില്‍ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് സേവനങ്ങള്‍ ലഭ്യമാകുമായിരുന്നു. ഇത്തരത്തിലൊരു ആശ്വാസമായിരുന്നു ബി എസ് എന്‍ എല്‍. എന്നാലിപ്പോള്‍ ബി എസ് എന്‍ എല്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാറിന്റെ നിരവധി കമ്പനികള്‍ വില്‍പ്പനക്ക് വെച്ചിരിക്കുകയാണ്. ലാഭകരമായി നടത്തിക്കൊണ്ടുപോകുന്ന ഭാരത് പെട്രോളിയം കോര്‍പറേറ്റ് ലിമിറ്റഡ് (ബി പി സി എല്‍), എയര്‍ ഇന്ത്യ തുടങ്ങിയ അഞ്ചിൽ പരം കമ്പനികളാണ് സ്വകാര്യവത്കരിക്കുന്നത്. ഇവയെല്ലാം സ്വകാര്യവത്കരിക്കപ്പെടുന്നതോടെ രാജ്യത്തെ പൗരന്റെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകുകയും സാധാരണ പൗരന് സേവനങ്ങള്‍ ലഭിക്കാന്‍ കീശ കീറി നല്‍കേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും ജീവിതം ദുരവസ്ഥയിലേക്ക് കൂടുതല്‍ നീങ്ങുകയും കോര്‍പറേറ്റുകളും അവരുടെ പിണിയാളുകളും സുരക്ഷിതരാകുകയും ചെയ്യുന്ന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയിലേക്കാണ് നമ്മളും നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുള്ള നീക്കമാണ് സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നതും. അതിനു വേണ്ടിയാണ് അവര്‍ നമ്മളോട് നെഹ്റുവിനെ മറക്കാന്‍ പറയുന്നത്. നെഹ്‌റുവായിരുന്നല്ലോ ഈ സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതി നമ്മളെ പരിചയപ്പെടുത്തിയത്.

Latest