വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തും മുമ്പ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു

Posted on: November 30, 2019 9:04 pm | Last updated: December 1, 2019 at 9:53 am

ഹൈദരാബാദ് | തെലങ്കാനയില്‍ യുവതിയായ മൃഗഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂട്ടബലാത്സംഗത്തിനിരയാക്കുന്നതിനു മുമ്പ് പ്രതികള്‍ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി യുവതിയെ നിര്‍ബന്ധപൂര്‍വം കുടിപ്പിച്ചതായി ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ ശീതളപാനീയത്തില്‍ വിസ്‌കി കലര്‍ത്തി യുവതിയെ നിര്‍ബന്ധപൂര്‍വം കുടിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രിയാണ് ഇരുപത്താറുകാരി കൂട്ടബലാല്‍സംഗത്തിനിരയായത്. വ്യാഴാഴ്ച രാവിലെ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഹൈദരാബാദ് -ബെംഗളൂരു ദേശീയപാതയില്‍ ചടന്‍പള്ളിയിലെ കലുങ്കിന് താഴെ കണ്ടെത്തുകയായിരുന്നു.

ഷംഷാദ് ടോള്‍ പ്ലാസയ്ക്കു സമീപം തൊണ്ടുപുള്ളി ഗ്രാമത്തില്‍നിന്നാണ് പ്രതികള്‍ മദ്യവും ശീതളപാനീയവും ലഘുഭക്ഷണവും വാങ്ങിയത്. സംഭവ സമയം പ്രതികള്‍ മദ്യലഹരിയിലായിരുന്നു. ബലാത്സംഗത്തിനിരയാക്കിയ സമയത്ത് യുവതിയുടെ വായയും മുഖവും പ്രതികള്‍ പൊത്തിപ്പിടിച്ചിരുന്നു. ഇതാണ് യുവതി മരിക്കാന്‍ കാരണമെന്നും പോലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നാല് ലോറി ജീവനക്കാരാണ് അറസ്റ്റിലായിട്ടുള്ളത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് പിടിയിലായത്. ഇവരെപാര്‍പ്പിച്ചിരുന്ന ഷംഷാദ് പോലീസ് സ്‌റ്റേഷനു മുന്നില്‍ ഇന്ന് ജനങ്ങള്‍ തടിച്ചു കൂടുകയും അകത്തേക്ക് കടക്കാനും ശ്രമിച്ചു. പോലീസ് ഇത് തടഞ്ഞതോടെ ആളുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ ചെരിപ്പുകള്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് പോലീസ് ജനങ്ങള്‍ക്കു നേരെ ലാത്തിവീശി.

സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങുമ്പോഴാണ് ക്രൂരതക്കിരയായത്. ഷംഷാബാദിലെ ടോള്‍പഌസയ്ക്കടുത്ത് വൈകീട്ട് ആറോടെ സ്‌കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളിയിലേക്ക് പോയി. സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന നാല് ലോറി ജീവനക്കാര്‍ യുവതിയെ കുടുക്കാന്‍ പദ്ധതിയിട്ടു. പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്‌കൂട്ടറിന്റെ ടയറുകള്‍ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോള്‍ സഹായം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ജോളു ശിവ സ്‌കൂട്ടര്‍ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. പിന്നാലെ മറ്റ് മൂന്നുപേരും ചേര്‍ന്ന് യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.

സ്‌കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനില്‍ ഒളിപ്പിക്കുകയും ചെയ്തു. രാത്രി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ പാല്‍വില്‍പ്പനക്കാരനാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.