Connect with us

Kerala

തട്ടിയെടുത്ത സ്വത്തുക്കള്‍ തിരികെ കിട്ടണം; സി പി എം പത്തനംതിട്ട വിപുലീകൃത ജില്ലാകമ്മറ്റി യോഗ സ്ഥലത്ത് മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഒറ്റയാള്‍ സമരം

ബാലകൃഷ്ണന്‍ നായരെ റെഡ് വോളണ്ടിയര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥലത്തു നിന്നും ബലമായി പുറത്താക്കുകയായിരുന്നു.

Published

|

Last Updated

പത്തനംതിട്ട  |  സി പി എം പത്തനംതിട്ട വിപുലീകൃത ജില്ലാകമ്മറ്റി യോഗ സ്ഥലത്ത് പ്ലക്കാര്‍ഡുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഒറ്റയാള്‍ സമരം.ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍ സനല്‍ കുമാര്‍, ഡിവൈഎഫഐ മുന്‍ ജില്ലാ പ്രസിഡന്റ് എം സി അനീഷ് എന്നിവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുയര്‍ത്തി കൊണ്ടും അവരുടെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുമായും തിരുവല്ല നെടുമ്പ്രം സ്വദേശി ബാലകൃഷ്ണന്‍നായരാണ്, സമ്മേളന വേദിയായ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്.ബാലകൃഷ്ണന്‍ നായരെ റെഡ് വോളണ്ടിയര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥലത്തു നിന്നും ബലമായി പുറത്താക്കുകയായിരുന്നു.

വിപുലീകൃത ജില്ലാ കമ്മിറ്റി ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് സമ്മേളന സ്ഥലത്തേക്ക് അപ്രതീക്ഷിതമായി ബാലകൃഷ്ണന്‍ നായര്‍ പ്ലക്കാര്‍ഡുകളുമായി എത്തിയത്. തിരുവല്ല അര്‍ബന്‍ ബേങ്ക് ഭരണസമിതിയുടെ ഭാഗമായ ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍ സനല്‍കുമാര്‍, ഡിവൈഎഫഐ മുന്‍ ജില്ലാ പ്രസിഡന്റ് എം സി അനീഷ് എന്നിവര്‍ വായ്പാ ക്രമക്കേടിലൂടെ തന്റെ കുടുംബ വീടും സ്ഥലവും തട്ടിയെടുത്തു എന്നാണ് ബാലകൃഷ്ണന്‍ നായരുടെ ആരോപണം. സനലിന്റെ ചിത്രങ്ങള്‍ വച്ച പ്ലക്കാര്‍ഡും കൈയില്‍ കരുതിയിരുന്നു.

ജില്ലാ സെക്രട്ടറി രാജൂ ഏബ്രഹാം, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം എ ബേബി എന്നിവരടക്കമുള്ളവര്‍ക്ക് നേരില്‍ പരാതി നല്‍കിയെങ്കിലും പരിഹാരമില്ലാതെ വന്നതോടെയാണ് തന്റെ കിടപ്പാടം തിരികെ കിട്ടാനായി വേറിട്ട സമരവുമായി എത്തിയതെന്നാണ് ബാലകൃഷ്ണന്‍ നായര്‍ പറയുന്നത്.

ഒരു കോടിയിലധികം വിലമതിക്കുന്ന തന്റെ കുടുംബവീടും, കുടുംബ കാവും പുരയിടവും ഭാര്യ ശ്രീദേവിയുടെ പേരില്‍ നടത്തിവന്ന ഷാപ്പും അത് നിലനിന്ന മൂന്നുസെന്റ് സ്ഥലവും അര്‍ബന്‍ ബേങ്ക് ഭരണസമിതി അംഗങ്ങളായ നേതാക്കള്‍ തട്ടിയെടുത്തതായാണ് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ബാലകൃഷ്ണന്‍ നായരുടെ ആരോപണം. ബാലകൃഷ്ണന്‍ നായരുടെ സഹോദരന്‍ കുടുംബ വസ്തു ജാമ്യം നല്‍കി അര്‍ബന്‍ ബേങ്കില്‍ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ വായ്പയില്‍ എട്ടു ലക്ഷത്തോളം രൂപ തിരിച്ചടച്ചെങ്കിലും വസ്തു ജപ്തി ചെയ്യുകയും പിന്നീട് വെറും 12 ലക്ഷം രൂപയ്ക്ക് ബിനാമിയെ മുന്‍നിര്‍ത്തി ആര്‍ സനല്‍കുമാര്‍ വീടും പുരയിടവും കൈവശപ്പെടുത്തുകയായിരുന്നുവെന്നുമാണ് ബാലകൃഷ്ണന്‍ നായരുടെ ആരോപണം.

വീട് നഷ്ടമായതോടെ ബന്ധുക്കളുടെയും മറ്റും വീടുകളില്‍ മാറി മാറി താമസിച്ച് വരുന്നതിനിടെ ഭാര്യ ശ്രീദേവി മരിച്ചു. ഇപ്പോള്‍ കയറിക്കിടക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലാണെന്നും തന്റെ കുടുംബ വീട് മടക്കി കിട്ടണം എന്നുമാണ് ബാലകൃഷ്ണന്‍ നായരുടെ ആവശ്യം.

എന്നാല്‍ ബാലകൃഷ്ണന്‍ നായരുടെ ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിയ ആര്‍ സനല്‍ കുമാര്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ ഒരാള്‍ ബാലകൃഷ്ണന്‍ നായരെ മുന്‍നിര്‍ത്തി നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി ജില്ലാ കമ്മിറ്റി നേരത്തെ ഇത് പരിശോധിച്ച് പരാതി വ്യാജമെന്നു കണ്ടെത്തിയതാണെന്നും സനല്‍കുമാര്‍ പറഞ്ഞു.

#CPM #Pathanamthitta #KeralaPolitics #MalayalamNews #SirajDaily #SirajLive #BreakingNews

Content Highlights: Former CPM branch secretary Balakrishnan Nair staged a protest at the Pathanamthitta district committee meeting venue. He accused party leaders of illegally acquiring his family property worth over 1 crore rupees through loan manipulation. Red volunteers forcibly removed him from the venue.

---- facebook comment plugin here -----

Latest