അന്താരാഷ്ട്ര അര്‍ബുദ സമ്മേളനത്തിന് അബുദാബിയില്‍ തുടക്കം

Posted on: November 30, 2019 2:18 pm | Last updated: November 30, 2019 at 2:18 pm

അബുദാബി |  അര്‍ബുദം സമൂഹത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ആരോഗ്യ വിദഗ്ദരും ഗവേഷകരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് യു എ ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. രോഗ നിര്‍ണയത്തിലും ചികിത്സയിലും പുരോഗതി ഉണ്ടായെങ്കിലും അര്‍ബുദം വെല്ലുവിളിയായി തന്നെ തുടരുകയാണ്. അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ ആരോഗ്യരംഗത്തുള്ളവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏഴാമത് അന്താരാഷ്ട്ര അര്‍ബുദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അബുദാബിയെ ആഗോളതലത്തില്‍ ആരോഗ്യരംഗത്തെ മികവിന്റെ കേന്ദ്രമാക്കാനുള്ള ഡോ. ഷംഷീര്‍ വയലിലിന്റെ ശ്രമങ്ങള്‍ക്ക് നന്ദിയുണ്ട്. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന വി പി എസ് ബുര്‍ജീല്‍ മെഡിക്കല്‍സിറ്റി ലോകത്തെ പ്രമുഖ അര്‍ബുദ ചികിത്സാ ഗവേഷണ സ്ഥാപനമായി മാറുമെന്നും നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു.

വി പി എസ് ഹെല്‍ത്ത് കെയര്‍ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി എന്നിവയുടെ പിന്തുണയോടെ മെന കോണ്ഫറന്‍സാണ് അര്‍ബുദ സമ്മേളനം സംഘടിപ്പിക്കുന്നത്. അറുന്നൂറിലധികം പ്രതിനിധികളാണ് രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. നൊബേല്‍ പുരസ്‌കാര ജേതാവ് ഫരീദ് മുറാദ്, എസ്ബിപി ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഗാര്‍ത്ത് പോവിറ്റ്‌സ്, എം ഡി ആന്‌ഡേഴ്‌സന്‍ ക്യാന്‍സര്‍ സെന്ററിലെ ഡോ. സ്റ്റാന്‍ലി ഹാമില്‍ട്ടന്‍ തുടങ്ങി നിരവധി വിദഗ്ദര്‍ സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.