Connect with us

Ongoing News

കാസര്‍കോടിന്റെ നൊമ്പരമായ എന്‍ഡോസള്‍ഫാന്‍ ബാധിതനെ അവതരിപ്പിച്ച് റംസാന്‍ താരമായി

Published

|

Last Updated

കാഞ്ഞങ്ങാട് | ഹൈസ്‌കൂള്‍ വിഭാഗം അറബി നാടകത്തില്‍ മികച്ച നടനായി നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുഹമ്മദ് റംസാന്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ബാധിതനായ ഒരു കുട്ടിയുടെ നേര്‍കാഴ്ചയാണ് റംസാന്‍ അരങ്ങില്‍ അവതരിപ്പിച്ചത്. പ്രകൃതി ചൂഷണത്തിന്റെ കഥ പറഞ്ഞ സ്‌കൂളിലെ നാടകത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിച്ച് വളര്‍ച്ചയും ബുദ്ധി സ്ഥിരതയും നഷ്ടപ്പെട്ട മുത്തു എന്ന കഥാപാത്രത്തെ ജീവിതം പോലെ തന്നെ അരങ്ങിലെത്തിച്ച റംസാന്റെ പ്രകടനം വിധികര്‍ത്താക്കളുടെ പ്രത്യേക പ്രശംസക്ക് കാരണമായി.മികച്ച നടിയെ തെരഞ്ഞെടുക്കാന്‍ ഏറെ പാടുപെട്ട വിധികര്‍ത്താക്കള്‍ക്ക് മികച്ച നടനെ കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടി വന്നില്ല. നടന്‍ എന്ന നിലയില്‍ ഏറെ ഭാവിയുള്ള കുട്ടിയാണ് റംസാന്‍. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും റവന്യൂ ജില്ലാ മോണോ ആക്ട് മത്സരത്തില്‍ പങ്കെടുത്ത് മികച്ച പ്രകടനമാണ് നടത്തിയത്. ഇത്തവണ സബ് ജില്ല, ജില്ലാ കലോത്സവത്തിലും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മേല്‍പറമ്പ് കൈനോത്ത് സ്വദേശിയായ ഡി.എല്‍.ഐ.അബ്ദുറഹ്മാന്റെയും കെ.വി.റംസീനയുടെയും മകനാണ്. സ്‌കൂള്‍ ജീവിത കാലത്ത് പിതാവും അഭിനയരംഗത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
തുടര്‍ച്ചയായി ഏഴാം തവണയാണ് സംസ്ഥാന അറബി നാടകത്തില്‍ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് എ ഗ്രേഡ് ലഭിക്കുന്നത്. നാടക സംവിധായകനായ സുരഭി അയ്യക്കാട് രംഗ പദവും സ്‌കൂളിലെ അധ്യാപകനായ ശ്രീകുമാര്‍ കോറോം രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തിന്റെ മൊഴിമാറ്റം നടത്തിയത് അറബി അധ്യാപകരായ പി.ഐ.എ.ലത്തീഫ്, ബി.എം.അബ്ദുസ്സലാം, സി.എ.സുലൈമാന്‍, ഖദീജത്ത് സുബൈദ, ഇ.കെ.ഉമ്മുകുല്‍സു, അസ്മാബി, ആയിഷ മര്‍സുവ എന്നിവര്‍ ചേര്‍ന്നാണ്. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ നേര്‍കാഴ്ചയാണ് നാടകത്തില്‍ വരച്ചു കാട്ടിയത്.

18 ടീമുകള്‍ പങ്കെടുത്ത നാടക മത്സരത്തില്‍ 14 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു. അപ്പീല്‍ വഴി വന്ന ടീമുകള്‍ക്കൊന്നും ഗ്രേഡ് ലഭിച്ചില്ലെന്ന പ്രത്യേകതയും ഇത്തവണയുണ്ടായി.

Latest