Connect with us

Kerala

'സ്ത്രീയായിപ്പോയി, അല്ലെങ്കില്‍ ചേംബറിന് പുറത്തിട്ട് തല്ലിച്ചതച്ചേനെ'; അഭിഭാഷകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ ജഡ്ജി

Published

|

Last Updated

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി

തിരുവനന്തപുരം | വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മജിസ്‌ട്രേറ്റിനെ ചേംബറില്‍ പൂട്ടിയിട്ട സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ അഭിഭാഷകര്‍ക്കെതിരെ ഗുരുതര ആരോപണം.ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ കെ പി ജയചന്ദ്രനും സെക്രട്ടറി പാച്ചല്ലൂര്‍ ജയകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് വനിതാ മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ മൊഴി നല്‍കിയത്

.ഒന്നാം പ്രതി കെ പി ജയചന്ദ്രന്‍ കൈചൂണ്ടി തന്റെ നേര്‍ക്ക് അടുക്കുകയും ഈ ഉത്തരവ് മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ടു. ഒരു സ്ത്രീയായിപ്പോയി, അല്ലെങ്കില്‍ ചേംബറിന് പുറത്തേക്ക് വലിച്ചിട്ട് തല്ലിച്ചതച്ചേനെയെന്ന് ആക്രോശിച്ചു. ഇനി ഇവിടെ ഇരുന്നുകൊള്ളണമെന്നും പുറത്ത് ഇറങ്ങിപ്പോകരുതെന്നും പറഞ്ഞു. ഈ കോടതി പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് കാണണം. കോടതി ഇനി പ്രവര്‍ത്തിക്കില്ലെന്നും കെ പി ജയന്ദ്രന്‍ പറഞ്ഞു എന്നാണ് മജിസ്‌ട്രേറ്റ് മൊഴിയില്‍ പറഞ്ഞത്.

തിരുവനന്തപുരം ബാര്‍ അസോസിയേഷന്റെ പ്രസിഡന്റ് കെ.പി ജയചന്ദ്രന്‍ അടക്കം 10 അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഈ സംഭവത്തില്‍ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഒരു വാഹനാപകട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം.

Latest