Connect with us

National

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് നാളെ ജെ എന്‍ യു വിദ്യാര്‍ഥികളുടെ മാര്‍ച്ച്

Published

|

Last Updated

ന്യൂഡല്‍ഹി |  ഹോസ്റ്റല്‍ ഫീസ് വര്‍ധന അടക്കമുള്ള പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ഒരുമാസമായി ജെ എന്‍ യുവില്‍ നടക്കുന്ന സമരത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നാള കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തും. സമരം അവസാനിപ്പിക്കുന്നതിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ജെ എന്‍ യു വിദ്യാര്‍ഥി യൂണിയനാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുക. ക്യാമ്പസില്‍ സമാധാനസ്ഥിതി പുനഃസ്ഥാപിക്കുന്നതിനുള്ള ശിപാര്‍ശകളടങ്ങിയ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ അധികൃതര്‍ തയാറാകണമെന്ന് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ ആവശ്യം പൂര്‍ണമായി അംഗീകരിക്കാന്‍ തയ്യാറാകണം. വിദ്യാര്‍ഥികളുടെ വിലപ്പെട്ട പഠന സമയമാണ് നഷ്ടമാകുന്നതെന്നും സര്‍വകലാശാല അധികൃതരാണ് ഇതിന് ഉത്തരവാദിയെന്നും ഐഷി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്ററില്‍ നഷ്ടപ്പെട്ട സമയം നീട്ടിനല്‍കണം. ക്യാമ്പസില്‍ തീരുമാനങ്ങളെടുക്കുന്നതിന് നിയമാനുസൃതമായ സമിതികള്‍ നിലവിലുണ്ട്. എല്ലാ വിഭാഗത്തില്‍നിന്നും പ്രതിനിധികളടങ്ങുന്ന സമിതികളെ അട്ടിമറിച്ചാണ് വൈസ് ചാന്‍സിലര്‍ തീരുമാനങ്ങളെടുത്തത്. വിസി രൂപീകരിച്ച ഉന്നതതല സമിതിക്ക് തീരുമാനമെടുക്കാന്‍ ഒരു അധികാരവുമില്ലെന്ന് ഐഷി ചൂണ്ടിക്കാട്ടി.