വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ തടഞ്ഞ സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Posted on: November 28, 2019 5:25 pm | Last updated: November 28, 2019 at 10:27 pm

കൊച്ചി |  തിരുവനന്തപൂരം വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മജിസ്‌ട്രേറ്റ് ദീപ മോഹനെതിരെ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും അഭിഭാഷകരും പ്രതിഷേധിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് കേസെടുത്തത്. കേസ് നാളെ പരിഗണിക്കും. ജഡ്ജിമാരുടെ സംഘടനയായ ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇത് സംബന്ധിച്ച് ഒരു കത്ത് ഹൈക്കോടതിക്ക് നല്‍കിയിരുന്നു. ഗുരുതര സംഭവമാണ് വഞ്ചിയൂര്‍ കോടതിയിലുണ്ടായത്. അഭിഭാഷകരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ജഡ്ജിമാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണുണ്ടായതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്തും ഹൈക്കോടതി നാളെ പരിഗണിക്കും.

അതിനിടെ സംഭവുമായി ബന്ധപ്പെട്ട് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ് എന്നിവരടക്കം കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ വഞ്ചിയൂര്‍ പോലീസും കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ്. മജിസ്‌ട്രേറ്റ് ദീപ സി ജെ എമ്മിന് നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു.

ഒരു വാഹന അപകട കേസ് ഇന്നലെ
പരിഗണിക്കുന്നതിനിടെയായിരുന്നു നാടകീയ സംഭവം. കെ എസ് ആര്‍ ടി സി ബസിടിച്ച് ഒരു സ്ത്രീക്ക് അപകടം പറ്റിയതിന്റെ വിസ്താരം നടക്കുകയായിരുന്നു. പരിക്കുപറ്റിയ സ്ത്രീ ഇന്നലെ കോടതിയിലെത്തുകയും ബസിന്റെ ഡ്രൈവര്‍ മണി തന്നോട് കോടതിയില്‍ ഹാജരാകരുത് എന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവറുടെ ജാമ്യം മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ റദ്ദാക്കി. ഡ്രൈവറെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെതിരെ രംഗത്തെത്തെത്തുകയും ചേംബറില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ ചേംബര്‍വിട്ട് മജിസ്‌ട്രേറ്റ് സി ജെ എമ്മിന് പരാതി നല്‍കുകയായിരുന്നു.