ഉദ്ദവ് താക്കറെക്കൊപ്പം എട്ട് കോണ്‍ഗ്രസുകാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും

Posted on: November 28, 2019 9:47 am | Last updated: November 28, 2019 at 12:25 pm

മുംബൈ |  മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെക്കൊപ്പം സഖ്യകക്ഷിയായ കോണ്‍ഗ്രസിലെ എട്ട് നേതാക്കളും സത്യപ്രതിജ്ഞ ചെയ്‌തേക്കും.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തൊറാട്ട്, അമിത് ദേശ്മുഖ്, മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് നിതിന്‍ റൗട്ട്, കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ, വിശ്വജിത് കദം, അസ്‌ലം ഷെയ്ഖ്, വര്‍ഷ ഗെയ്ക്ക്‌വാദ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസിനാണ് 288 അംഗ നിയമസഭയില്‍ സ്പീക്കര്‍ സ്ഥാനവും ലഭിക്കുക. മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെയാണ് കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. സ്പീക്കര്‍ സ്ഥാനം ലഭിച്ചതോടെ ഇനി കോണ്‍ഗ്രസിന് 12 മന്ത്രിപദവിയായിരിക്കും ലഭിക്കുക.