Connect with us

Articles

ഗാസ ആക്രമണത്തിന് പിന്നിലെ രാഷ്ട്രീയം

Published

|

Last Updated

ഒരു ദേശീയ ജനവിഭാഗത്തെ എത്രയധികം ദ്രോഹിക്കാനാകുമോ അതെല്ലാം ഫലസ്തീന്‍ ജനതക്കെതിരായി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ ഇസ്‌റാഈല്‍ ഭരണകൂടം ചെയ്തു കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കേണ്ടി വന്ന ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവും കൂട്ടരും ഫലസ്തീന്‍ ജനതയോട് പകരം വീട്ടുകയാണ് ഇപ്പോള്‍. ഗാസക്ക് നേരെ നടന്ന ഏറ്റവും ഒടുവിലത്തെ വ്യോമാക്രമണങ്ങളും ബോംബ് വര്‍ഷവുമെല്ലാം ഇതിന്റെ ഭാഗമായാണ് ലോകം കാണുന്നതും.

ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 34 ഫലസ്തീന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ തന്നെ എട്ട് പേര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഗാസയിലെ വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. എന്തായാലും ഈജിപ്തിന്റെ നേതൃത്വത്തില്‍ നടന്ന ഗൗരവമായ ചര്‍ച്ചയെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഗാസയും ഇസ്‌റാഈലും തയ്യാറായി. ഇസ്‌റാഈലില്‍ നെതന്യാഹു കടുത്ത രാഷ്ട്രീയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം രാജ്യത്ത് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന് കേവല ഭൂരിപക്ഷം നേടാനായില്ല. മൂന്ന് അഴിമതി കേസുകളില്‍ പ്രതിയായ നെതന്യാഹുവിന്റെ ജനസമ്മതിയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
ലോകത്തൊട്ടാകെ കടുത്ത ദേശീയതക്കും വര്‍ണവെറിക്കുമെല്ലാം എതിരായി ശക്തമായ നിലപാട് ജനങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജൂത വികാരം ആളിക്കത്തിക്കുന്നതും അറബ് ജനതക്ക് എതിരായ കടന്നാക്രമണവും കൂട്ടക്കുരുതിയുമാണ് അമേരിക്കന്‍ പാവ സര്‍ക്കാറായ ഇസ്‌റാഈലിന്റെ പ്രഖ്യാപിത നയം. എക്കാലവും അമേരിക്കന്‍ ഒത്താശയോട് കൂടിയാണ് ഫലസ്തീന്‍ ജനതക്ക് എതിരായ കടന്നാക്രമണങ്ങള്‍ ഇക്കൂട്ടര്‍ നടത്തിയിട്ടുള്ളതും. എന്നാല്‍ “പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല” എന്ന് കവി കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞിട്ടുള്ളത് പോലെ ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ ശക്തി വളരെ ക്ഷയിച്ച് കഴിഞ്ഞിരിക്കുന്നു. ഭരണകൂടത്തിന്റെ തലപ്പത്തുള്ളവര്‍ ആ രാജ്യത്തെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടാനും തുടങ്ങിയിരിക്കുന്നു. ഇവര്‍ക്ക് എല്ലാ ഒത്താശയും സംരക്ഷണവും നല്‍കിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനും പ്രസിഡന്റ് ട്രംപിനുമെല്ലാം പഴയ ശക്തിയും വീര്യവും ഇന്നില്ല.

എക്കാലവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിണിയാളായി അവരുടെ ഒത്താശയോടെ ഒരു ദേശീയ ജനവിഭാഗത്തെ അമര്‍ച്ച ചെയ്ത് മുന്നോട്ട് പോകാന്‍ ഇസ്‌റാഈലിന് കഴിയുകയില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പിന്നോട്ടടി ഇതിന്റെ ഭാഗമാണ്. നിര്‍ഭാഗ്യവശാല്‍ ഈ ജനവിധി അംഗീകരിക്കാതെ ഇപ്പോഴും അദ്ദേഹം ഭരണത്തില്‍ കടിച്ച് തൂങ്ങുകയാണ്. അധികാരത്തില്‍ തുടര്‍ന്നുകൊണ്ട് തനിക്ക് എതിരായുള്ള വളരെ പ്രമാദമായ കടുത്ത അഴിമതി ആരോപണങ്ങള്‍ നേരിടുന്നതിനുള്ള വൃഥാശ്രമമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കടുത്ത ദേശീയതയുടെയും ജനവിരുദ്ധ നടപടികളുടെയും അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുന്ന വിവിധ രാജ്യങ്ങളിലെ ഭരണ നേതൃത്വങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടിയിട്ടുള്ള തിരിച്ചടികള്‍ മനസ്സിലാക്കാന്‍ നിര്‍ഭാഗ്യവശാല്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനും കൂട്ടര്‍ക്കും കഴിയുന്നില്ലെന്നുള്ളതാണ് വസ്തുത. ചരിത്രത്തെ പിറകോട്ട് നയിക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കുമെന്നും തോന്നുന്നില്ല.

ഗാസയിലെ ഇസ്‌റാഈല്‍ വ്യോമാക്രമണങ്ങള്‍ക്ക് എതിരായി ശക്തമായ പ്രതിഷേധമാണ് ലോകത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഇതിനകം ഉയര്‍ന്നു വന്നിട്ടുള്ളത്. ഇത് മനസ്സിലാക്കാനും അതിനനുസൃതമായി ഫലസ്തീന്‍ വിരുദ്ധ സമീപനം ഉപേക്ഷിക്കാനും വൈകിയ വേളയിലെങ്കിലും ഇസ്‌റാഈല്‍ ഭരണകൂടം തയ്യാറാകേണ്ടതാണ്.
(ലേഖകന്റെ ഫോണ്‍ : 9847132428)

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428