Connect with us

Ongoing News

ശിഖര്‍ ധവാന് പരുക്ക്; സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ടീമിലേക്ക് പരിഗണിച്ചിട്ടും ഒരു മത്സരത്തിലും കളിപ്പിക്കാതെ പുറത്തിരുത്തിയ സഞ്ജു സാംസണെ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. പരുക്കേറ്റ ശിഖര്‍ ധവാന് പകരം വെസ്റ്റിന്‍ഡീസിനെതിരായ ട്വിന്റി20 പരമ്പരയിലേക്കാണ് ഉള്‍പ്പെടുത്തിയത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പങ്കെടുക്കവെയാണ് ധവാനു പരുക്കേറ്റത്. ഇടതു കാല്‍മുട്ടില്‍ നീളത്തിലുള്ള മുറിവേറ്റ ധവാനു കുറച്ചുനാള്‍ വിശ്രമം വേണമെന്നാണ് ബി സി സി ഐ മെഡിക്കല്‍ ടീം പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സഞ്ജുവിനെ പരിഗണിച്ചതെന്ന് ബി സി സി ഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
അടുത്തമാസം ആറ് മുതല്‍ 11 വരെയാണ് മൂന്ന് ട്വന്റി20 മത്സരങ്ങളുടെ പരമ്പര നടക്കുക. സഞ്ജു ടീമിലുണ്ടെങ്കിലും സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഋഷഭ് പന്തിന് തന്നെയാണ് അവസരം.

നേരത്തേ നാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു ഉള്‍പ്പെട്ടെങ്കിലും കളിക്കാനായിരുന്നില്ല. മൂന്ന് മത്സരങ്ങളിലും പന്തിനെ ടീമിലുള്‍പ്പെടുത്തിയ ടീം, സഞ്ജുവിനെ റിസര്‍വ് ബെഞ്ചില്‍ ഇരുത്തുകയായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.ഹര്‍ബജന്‍ സിംഗ് അടക്കമുള്ള മുന്‍ താരങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ വീണ്ടും അവസരം നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ദീപക് ചഹാര്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, സഞ്ജു സാംസണ്‍.