ഷഹ്‌ലാ, നിന്നിലൂടെ നീതി വേണം വയനാടിന്

സ്‌കൂളിലെ മാളത്തിലേക്ക് മാത്രം നോക്കി നില്‍ക്കുമ്പോള്‍ നമ്മുടെ സജീവ ശ്രദ്ധ പതിയേണ്ട വിഷയം മറഞ്ഞ് പോകുകയാണ്. ഷഹ്‌ലയുടെ മാത്രമല്ല വയനാട്ടിലെ നിരവധിയായ മനുഷ്യരുടെ ജീവന്‍ പൊലിഞ്ഞത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലമാണ്. ഷഹ്‌ലയുടെ കാര്യത്തിലും അതാണല്ലോ സംഭവിച്ചത്.
Posted on: November 26, 2019 11:35 am | Last updated: December 3, 2019 at 11:36 am

സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്റെ മരണം ഉണ്ടാക്കിയ വേദനയില്‍ നിന്നും രോഷത്തില്‍ നിന്നും നിരാശയില്‍ നിന്നും സമൂഹം ഇനിയും മോചിതമായിട്ടില്ല. ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റുള്ള ആ കുരുന്നിന്റെ വിയോഗം അത്രമേല്‍ സമൂഹമനഃസാക്ഷിയെ ഉലച്ച് കളഞ്ഞിട്ടുണ്ട്. നമ്മുടെ സ്‌കൂളുകളുടെ ശോച്യാവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എമ്പാടുമുയര്‍ന്നു.

പൊതു വിദ്യാഭ്യാസ മേഖല ഏതാനും വര്‍ഷമായി നേടിയെടുത്ത മഹത്തായ മുന്നേറ്റങ്ങളെയാകെ അപ്രസക്തമാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കും ചില വിമര്‍ശകര്‍ തുനിഞ്ഞു. അധ്യാപകന്റെ വീഴ്ചയെക്കുറിച്ചും അത്യന്തം വൈകാരികമായ പ്രതികരണങ്ങളുയര്‍ന്നു. അങ്ങേയറ്റം അവധാനതയോടെയും സാമൂഹിക പ്രതിബദ്ധതയോടെയും സേവനം ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകരുള്ള ഈ സംസ്ഥാനത്തെ അധ്യാപക സമൂഹത്തെ ഒന്നാകെ ആക്ഷേപിക്കുന്ന സാമാന്യവത്കരണത്തിലേക്ക് ചിലര്‍ കൂപ്പു കുത്തുന്നതും കണ്ടു. ഇപ്പറഞ്ഞതിനര്‍ഥം ഷഹ്‌ലയുടെ കരള്‍ പിളര്‍ക്കും വേര്‍പാടില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്നല്ല. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഗുരുതരമായ മന്ദതയും പ്രായോഗിക ബുദ്ധിയില്ലായ്മയും അവിടെ സംഭവിച്ചിട്ടുണ്ട്. അങ്ങനെ നഷ്ടപ്പെട്ട മിനുട്ടുകള്‍ അത്യന്തം നിര്‍ണായകമായിരുന്നു താനും. അതുകൊണ്ട് കുറ്റക്കാരായ അധ്യാപകര്‍ക്കും സ്ഥാപന മേധാവികള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുക തന്നെ വേണം. അവര്‍ മാളത്തില്‍ ഒളിച്ചിരിക്കാതെ നിയമനടപടിക്ക് വഴങ്ങുകയാണ് വേണ്ടത്.
എന്നാല്‍ സ്‌കൂളിലെ മാളത്തിലേക്ക് മാത്രം നോക്കി നില്‍ക്കുമ്പോള്‍ നമ്മുടെ സജീവ ശ്രദ്ധ പതിയേണ്ട വിഷയം മറഞ്ഞ് പോകുകയാണ്. ഷഹ്‌ലയുടെ മാത്രമല്ല വയനാട്ടിലെ നിരവധിയായ മനുഷ്യരുടെ ജീവന്‍ പൊലിഞ്ഞത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലമാണ്. ഷഹ്‌ലയുടെ കാര്യത്തിലും അതാണല്ലോ സംഭവിച്ചത്.

ആന്റിവെനമുണ്ടായിട്ടും താലൂക്ക് ആശുപത്രിയില്‍ അവളെ രക്ഷിക്കാനുള്ള ചികിത്സകളിലേക്ക് നീങ്ങാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. വെന്റിലേഷന്‍ സൗകര്യമില്ലെന്നാണ് അവര്‍ ന്യായമായി പറഞ്ഞത്. ഇവിടെയെല്ലാം സമയം നഷ്ടപ്പെട്ട് ഒടുവില്‍ അവളെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് തിരിക്കാന്‍ വിധിക്കപ്പെടുകയായിരുന്നു അവളുടെ പിതാവ്. വഴിമധ്യേ ആ കുരുന്ന് വിധിക്ക് കീഴടങ്ങുകയും ചെയ്തു.

വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജും ആശുപത്രിയും എത്രയും വേഗം പ്രവര്‍ത്തനം തുടങ്ങുകയെന്നത് മാത്രമാണ് യഥാര്‍ഥ പരിഹാരം. അതിന് വേണ്ടിയാണ് ശബ്ദമുയരേണ്ടത്. ഈ വിഷയത്തില്‍ ഇടുങ്ങിയ രാഷ്ട്രീയം കളിക്കാതെ സത്വര നടപടി വേണം. ഷഹ്‌ലയുടെ മാതാവിന്റെ അനുജത്തിയും മാധ്യമ പ്രവര്‍ത്തകയുമായ ഫസ്‌നാ ഫാത്വിമയുടെ ഫേസ്ബുക്ക് പോസ്റ്റ് അത്യന്തം വൈകാരികമായി ഈ വിഷയം ഉന്നയിക്കുന്നുണ്ട്: “ഞങ്ങള്‍ നിനക്ക് നീതി വേണമെന്നല്ല പറയുന്നത്. നിന്നിലൂടെ ഈ നാടിന് നീതി വേണമെന്നാണ്. നിന്റെ വല്യുമ്മയുടെ പെണ്‍കുഞ്ഞ് 1974ല്‍ മരിച്ചത് ചികിത്സ കിട്ടാതെയാണ്. നിന്റെ വല്യുപ്പ വീരാന്‍ കുട്ടി 2009ല്‍ മരിച്ചതും ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവരും വഴിയാണ്. ഇപ്പോള്‍ 2019ല്‍ നീ പോകുമ്പോഴും വയനാടിന്റെ ഗതി അതേ 1974ന് സമമാണ്. സാങ്കേതിക വിദ്യ ഇത്രമാത്രം പുരോഗമിച്ചിട്ടും വയനാടിന് മാത്രം എന്തുകൊണ്ടാണ് ഈ ഗതി?’

ആരോഗ്യ രംഗത്തെ വയനാടിന്റെ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന കണക്കുകള്‍ എമ്പാടുമുണ്ട്. ശിശുമരണ നിരക്ക് സംസ്ഥാനത്ത് ആറാണെങ്കില്‍ വയനാട്ടില്‍ എട്ടാണ്. മാതൃമരണത്തിന്റെ സംസ്ഥാന ശരാശരി 40 ആണെങ്കില്‍ വയനാട്ടില്‍ അത് 60 ആണ്. ആദിവാസി വിഭാഗങ്ങളുടെ സാന്നിധ്യം, വനഗ്രാമങ്ങളില്‍ നിന്നുള്ള വന്യമൃഗാക്രമണക്കേസുകള്‍, അതിര്‍ത്തി ഗ്രാമങ്ങളുടെ ശോചനീയാവസ്ഥ, തേയിലത്തോട്ടങ്ങളിലെ പാടികളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ സാമൂഹിക സാഹചര്യങ്ങളും ആരോഗ്യ രംഗത്തെ പിന്നാക്കാവസ്ഥക്ക് ആക്കം കൂട്ടുന്നു. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ അമ്പതോളം ആശുപത്രികളാണ് ഉള്ളത്. ഇതില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ളത് മാനന്തവാടി ജില്ലാ ആശുപത്രിയിലും സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും മാത്രമാണ്. കല്‍പ്പറ്റയിലേത് ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും സൗകര്യങ്ങളില്ല. കുട്ടികള്‍ക്ക് ആവശ്യമായ പീഡിയാട്രിക് വെന്റിലേറ്ററും പീഡിയാട്രിക് ഐ സി യുവും ഒരു ആശുപത്രിയിലുമില്ല. മെഡിക്കല്‍ കോളജ് ഇല്ലാത്തത് കൊണ്ടുതന്നെ ജില്ലയില്‍ ഒരു സൂപ്പര്‍സ്‌പെഷ്യാലിറ്റി തസ്തികയും ഇല്ല.

ഗുരുതരാവസ്ഥയില്‍ വരുന്ന രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയാണ് പതിവ്. മിനുട്ടുകള്‍ക്കകം വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെയാണ് ചുരുങ്ങിയത് മൂന്നര മണിക്കൂര്‍ നീണ്ട ഈ മരണയാത്രക്ക് വിധിക്കുന്നത്. മണ്ണിടിഞ്ഞും ഗതാഗത കുരുക്കിലും നിരന്തരം യാത്ര അസാധ്യമാകുന്ന ചുരത്തിലേക്കാണ് ആംബുലന്‍സുകള്‍ കുതിക്കുന്നത്. യാത്രാ മധ്യേ മരിക്കുന്ന മനുഷ്യരുടെ ദുരവസ്ഥ ആംബുലന്‍സ് ഡ്രൈവര്‍മാരോട് മാത്രം ചോദിച്ചാല്‍ മനസ്സിലാകും. വഴിക്ക് വെച്ച് നിശ്ചേഷ്ട ശരീരത്തിന്റെ വാഹകരായി തീരുന്നതിന്റെ വേദന അവരെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. വയനാട്ടില്‍ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചിട്ട് വര്‍ഷമേറെയായി. നേരത്തേ കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലാത്തതിനാല്‍ ചുണ്ട വില്ലേജില്‍ ചേലോട് എസ്‌റ്റേറ്റ് ഭൂമി മെഡിക്കല്‍ കോളജിനായി ഏറ്റെടുത്തിട്ടുണ്ട്. 2012ല്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളജിനായി കല്‍പ്പറ്റയിലെ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് ദാനം ചെയ്യാമെന്നേറ്റ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തത് 2016 ഫെബ്രുവരി രണ്ടിനാണ്. ഈ ഭൂമിക്ക് പകരമായാണ് ചുണ്ടയിലേത്.

കാര്യങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ഷഹ്‌ല ഷെറിന്റെ വിയോഗം അധികൃതരുടെ ഉറക്കമുണര്‍ത്തേണ്ടിയിരിക്കുന്നു. മനുഷ്യരുടെ വേദനകളിലേക്ക് മനസ്സയക്കുന്ന ആരോഗ്യ മന്ത്രിയാണ് നമുക്കുള്ളത്. വയനാട്ടുകാരുടെ വേദന അവര്‍ കാണട്ടേ. സ്ഥലം എം പിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ രാഹുല്‍ ഗാന്ധിക്കും ഇക്കാര്യത്തില്‍ ചിലത് ചെയ്യാനാകും. അങ്ങനെയാകണം ഷഹ്‌ലയുടെ ഓര്‍മയോട് നീതി ചെയ്യേണ്ടത്. മെഡിക്കല്‍ കോളജ് വരുന്നതിന് മുമ്പ് തന്നെ ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. സ്വകാര്യ മേഖലയെ ആശ്രയിക്കാന്‍ ശേഷിയില്ലാത്ത, ചുരത്തിനും രാത്രിയാത്രാ നിരോധനത്തിനും ഇടയില്‍ അകപ്പെട്ടു പോയ ഈ മനുഷ്യരും കേരളീയര്‍ തന്നെയാണല്ലോ.