Connect with us

National

മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ നാളെ അഞ്ചിന് മുമ്പ് വിശ്വാസം തെളിയിക്കണം

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രയില്‍ എന്‍ സി പി വിമതന്‍ അജിത് പവാറിന്റെ പിന്തുണയോടെ അധികാരമേറ്റ ബി ജെ പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ സഭയില്‍ വിശ്വാസം തെളിയിക്കണമെന്ന് സുപ്രീം കോടതി. നാളെ വൈകിട്ട് അഞ്ചിന് മുമ്പ് വിശ്വസ വോട്ടെടുപ്പ് നടത്തണമെന്നും ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്. സഭയിലെ വോട്ടെടുപ്പ് പരസ്യ ബാലറ്റിലൂടെ നടത്തണം. ഇത് തത്സമയം സംപ്രേഷണം ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കണം. ജനാധിപത്യ മൂല്ല്യങ്ങള്‍ സംരക്ഷിക്കാനാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. യു പിയില്‍ മുന്‍മുഖ്യമന്ത്രി ജഗദംബിക പാലുമായി ബന്ധപ്പെട്ട കേസ് ഉയര്‍ത്തിയാണ് കോടതി വിധി പറഞ്ഞത്. നാളെ രാവിലെ മുതല്‍ സഭയിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം വൈകിട്ട് അഞ്ചിന് മുമ്പ് സത്യപ്രതിജ്ഞ നടത്തണമെന്നാണ് കോടതി ഉത്തരവിട്ടത്. മഹാരാഷ്ട്രയില്‍ ഒരു സ്ഥിരതയുള്ള സര്‍ക്കാര്‍ വരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും ഭരണഘടനാ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.

വിശ്വാസ വോട്ടെടുപ്പ് വൈകുന്ന സാഹചര്യമുണ്ടായാല്‍ കുതിരക്കച്ചവടത്തിനുള്ള സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെട്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. ഒരു അടിയന്തര വിശ്വാസ വോട്ടെടുപ്പാണ് ഇത്തരം കേസുകളില്‍ ഏറ്റവും ഫലപ്രദമായ കാര്യം. ജുഡീഷ്യല്‍ റിവ്യൂവിന്റെ സാധ്യതയും ഗവര്‍ണറുടെ സംതൃപ്തിയും നിലനിര്‍ത്തണമെന്ന വാദങ്ങള്‍ വളരെ പ്രധാനപ്പെട്ട ഭരണഘടനാ പ്രശ്‌നങ്ങളാണ്. അതേസമയം വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ കാരണവും കാണുന്നില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നിട്ട് ഒരു മാസത്തോളം കഴിഞ്ഞിട്ടും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഇത്തരം സാഹചര്യങ്ങളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും കോടതി നിരീക്ഷിച്ചു.

ഗവര്‍ണറുടെ അധികാരത്തില്‍ കൈടകത്താന്‍ കോടതിക്ക് അധികാരമില്ലെന്ന ബി ജെപിയുടേയും അജിത് പവാറിന്റേയും ന്യായങ്ങള്‍ എല്ലാം സുപ്രീം കോടതി ഇന്നത്തെ വിധിയിലൂടെ തള്ളിക്കളയുകയായിരുന്നു. കുതിരക്കച്ചടവടത്തിന് കരുക്കള്‍ നീക്കുന്ന ബി ജെ പിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. കോടതി ഉത്തരവ് രാഷ്ട്രീയ വിജയവും ജനാധിപത്യ വിജയവുമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ഗവര്‍ണറുടെ അധികാരത്തില്‍ കൈടത്താന്‍ കോടതിക്ക് അധികാരമില്ലെന്നും വിശ്വസം തെളിയിക്കാന്‍ രണ്ട് ആഴ്ചയെങ്കിലും സമയം നല്‍കണമെന്നുമായിരുന്നു ബി ജെ പിക്ക് വേണ്ടി ഹാജരായ മുകള്‍ റോത്തഗി വാദിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ശിവസേനയുടെയും എന്‍ സി പിയുടേയും കോണ്‍ഗ്രസിന്റെയും ആവശ്യം. ഇത് അംഗീകരിക്കുന്ന തരത്തിലുള്ള ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.

170 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ട് ഫഡ്‌നവിസ് നല്‍കിയ കത്തും അതിന്റെയടിസ്ഥാനത്തില്‍ അദ്ദേഹത്തെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ കത്തും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതു വിശദമായി പരിശോധിച്ചാണ്ഉത്തരവ് പുറപ്പെടുവിച്ചത്.

വിശ്വാസ വോട്ടെടുപ്പിന് ഇനി ഒരു മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം നിലകൊള്ളുന്ന സംസ്ഥാനം പിടിക്കാന്‍ ഇനി എന്തെല്ലാം കളികള്‍ നടക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എം എല്‍ എമാരെ ചാക്കിട്ട് പിടിക്കാന്‍ അവസാന ശ്രമവും ബി ജെപിയുടെ ഭാഗത്ത് നിന്ന് ഉമ്ടാകുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ തങ്ങളുടെ എം എല്‍ എമാരില്‍ ഒരു ചോര്‍ച്ചയുമുണ്ടാകില്ലെന്ന് കോണ്‍ഗ്രസും ശിവസേനയും എന്‍ സി പിയും പറയുന്നു. മൂന്ന് പാര്‍ട്ടികളുടേയും എം എല്‍ എമാര്‍ കനത്ത സുരക്ഷയിലാണ് ഹോട്ടലുകളില്‍ കഴിയുന്നത്. അജിത് പവാറിനൊപ്പം പോയ എംല്‍ എമാരില്‍ ഒരാളെ ഒഴികെയുള്ളവരെ തിരിച്ചെത്തിക്കാന്‍ ശരത് പവാറിന് കഴിഞ്ഞിട്ടുണ്ട്. ഇവരെല്ലാം എന്‍ സി പിയുടെ ഔദ്യോഗിക നിലപാടിനൊപ്പം നില്‍ക്കുമോയെന്നാണ് ഇനി അറിയേണ്ടത്. ഒപ്പം എം എല്‍ എമാരെ പിടിച്ചുനിര്‍ത്തുക കോണ്‍ഗ്രസിനും ശിവസേനക്കും പ്രധാനമാണ്.

Latest