മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷി അന്തരിച്ചു

Posted on: November 24, 2019 5:05 pm | Last updated: November 24, 2019 at 5:06 pm

ഭോപാല്‍ | മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് ജോഷി അന്തരിച്ചു. 90 വയസ്സായിരുന്നു. ഭോപ്പാലിലെ ബന്‍സല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

അന്ത്യകര്‍മങ്ങള്‍ തിങ്കളാഴ്ച ദേവാസ് ജില്ലയിലെ, അദ്ദേഹത്തിന്റെ ജന്മനാടായ ഹത്പിപല്യയില്‍ നടത്തുമെന്ന് മുന്‍ ബിജെപി എംപി അലോക് സഞ്ജാര്‍ പറഞ്ഞു.

1977 – 1978 കാലഘട്ടത്തിലാണ് അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിയായത്. 2004 മുതല്‍ 2014 വരെ ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തെയും 1962 നും 1998 നും ഇടയില്‍ ബാഗ്ലി നിയമസഭാ മണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്. 2000 നും 2004 നും ഇടയില്‍ ജോഷി രാജ്യസഭയില്‍ അംഗമായിരുന്നു. രാഷ്ട്രീയത്തിലെ വിശുദ്ധന്‍ എന്നാണ് ബിജെപി അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഭാര്യ മരിച്ചത്.