Connect with us

Health

പുകവലി മരണം നാല്‍പ്പത് ശതമാനവും ശ്വാസകോശ രോഗങ്ങള്‍ മൂലം

Published

|

Last Updated

കൊച്ചി | പുകവലിയുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 40 ശതമാനത്തിലധികവും ശ്വാസകോശരോഗങ്ങള്‍ മൂലമാണെന്ന് കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ ഹോസ്പിറ്റലിലെ പള്‍മോണോളജിസ്റ്റ് ഡോ. ടി മോഹന്‍കുമാര്‍.
ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റിയും നാഷനല്‍ കോളജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍സും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനമായ നാപ്‌കോണില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പുകയിലയുടെ ഉപഭോഗം ഒരു വര്‍ഷം ഏതാണ്ട് 80 ലക്ഷത്തോളം മരണങ്ങള്‍ക്ക് കാരണമാകുന്നു. ദശലക്ഷക്കണക്കിനാളുകള്‍ ശ്വാസകോശാര്‍ബുദം, ക്ഷയം, ആസ്‍തമ, പുകവലി മൂലമുണ്ടാകുന്ന മറ്റ് ശ്വാസകോശ രോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നു. പുകവലി കൊണ്ടുണ്ടാകുന്ന മരണങ്ങളുടെ എട്ടിലൊന്നിനും കാരണം ഒരു വര്‍ഷം ഒമ്പത് ലക്ഷത്തോളം പേരെ കൊല്ലുന്ന പരോക്ഷമായ പുകവലിയാണ്.
പുകവലി സൃഷ്ടിക്കുന്ന ശ്വാസകോശ രോഗങ്ങളില്‍ പ്രധാനമാണ് ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സി ഒ പി ഡി).

ശ്വസനം സുഗമമാക്കുന്ന ശ്വാസ കോശത്തിലെ അല്‍വിയോളി എന്ന ചെറു വായു സഞ്ചികളെ ബാധിക്കുന്ന എംഫസീമ, വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ് (ബ്രോങ്കിയല്‍ ട്യൂബുകളുടെ/ എയര്‍വേകളുടെ വീക്കം), റിഫ്രാക്ടറി ആസ്തമ എന്നിവയുള്‍പ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ഒരു കൂട്ടമാണ് സി ഒ പി ഡി.

ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ടുകളും വിട്ടുമാറാത്ത കഠിനമായ ചുമയും ഇതിന്റെ ലക്ഷണങ്ങളാണ്. പുകയില ഉപയോഗിക്കുന്ന യുവാക്കളില്‍ സി ഒ പി ഡി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും മോഹന്‍കുമാര്‍ പറഞ്ഞു. പുകവലി ഒഴിവാക്കുന്നത് ശ്വാസകോശാര്‍ബുദ സാധ്യത കുറക്കുമെന്ന് പുകവലിയുമായി ബന്ധപ്പെട്ട ക്യാന്‍സര്‍ സാധ്യതകളെക്കുറിച്ച് സംസാരിച്ച കോട്ടയം മെഡിക്കല്‍ കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി സുകുമാരന്‍ പറഞ്ഞു.

പുകവലി നിര്‍ത്തി അഞ്ച് മുതല്‍ 10 വര്‍ഷം വരെയായവരില്‍ ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത പുകവലി തുടരുന്നവരെക്കാള്‍ പകുതിയില്‍ താഴെയാണ്.
വായിലെയും മൂക്ക്, സൈനസ്, സ്വനപേടകം, തൊണ്ട എന്നിവയിലെയും അര്‍ബുദത്തിന്റെ പ്രധാനകാരണവും പുകവലിയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാഷ്ട്രങ്ങളില്‍ നിന്നുമായി 350ഓളം വിദഗ്ധരും 3000 പ്രതിനിധികളും നാല് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

---- facebook comment plugin here -----

Latest