Kerala
ഷഹലയുടെ മരണം: സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം നാലുപേര്‍ക്കെതിരെ കേസ്
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചാം ക്ലാസുകാരി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കരുണാകരന്‍, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ മോഹന്‍ കുമാര്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവര്‍ക്കെതിരെയാണ് കേസ്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. നേരത്തെ അധ്യാപകന്‍ ഷിജിലിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്‌കൂളിലെ പി ടി എ കമ്മിറ്റിയും പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.
അതിനിടെ, വിദ്യാലയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന നിര്‍ദേശവുമായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നവംബര്‍ 30 ന് മുമ്പ് പി ടി എ മീറ്റിംഗുകള്‍ വിളിച്ചു ചേര്‍ത്ത് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളുകളില്‍ ദ്വാരങ്ങളോ വിള്ളലുകളോ ഉണ്ടെങ്കില്‍ അടുത്തമാസം അഞ്ചിനു മുമ്പ് അടയ്ക്കണം, ക്ലാസ് മുറികളില്‍ ചെരുപ്പ് ഉപയോഗിക്കുന്നത് വിലക്കരുത്, സ്‌കൂള്‍ പരിസരങ്ങളിലെ പാഴ്‌ച്ചെടികളും പടര്‍പ്പുകളും വെട്ടിമാറ്റാന്‍ നടപടിയെടുക്കണം തുട
ങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്.




