സ്വത്തുക്കള്‍ തട്ടിയെടുത്ത കേസിലെ പ്രതിയുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

Posted on: November 22, 2019 10:32 pm | Last updated: November 22, 2019 at 10:32 pm

ബെംഗളൂരു | മൈസൂരു വൊഡയാര്‍ രാജ കുടുംബത്തിലെ ജീവനക്കാരന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തെന്ന കേസിലെ പ്രതിയുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കുതിരയെ പരിശീലിപ്പിക്കുന്ന മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിന്റെ 117 കോടി രൂപ വിലമതിക്കുന്ന ആസ്തിയാണ് കണ്ടുകെട്ടിയത്. വൊഡയാര്‍ രാജകുടുംബത്തില്‍ മൃഗങ്ങളെ പരിപാലിച്ച് വന്നിരുന്ന പരേതനായ എഡ്വിന്‍ ജോബര്‍ട്ട് വാനിന്റെ പേരിലുള്ള സ്വത്തുക്കളാണ് ഇയാള്‍ വ്യാജ രേഖയുണ്ടാക്കി സ്വന്തം പേരിലാക്കിയത്.

മൈസൂരുവിലെ രണ്ട് വീടുകള്‍, ഈട്ടിയില്‍ പണികഴിപ്പിച്ച ഫര്‍ണിച്ചറുകള്‍, 70 മൃഗങ്ങളുടെ സ്റ്റഫ് ചെയ്ത ശരീര ഭാഗങ്ങള്‍, വയനാട്ടിലെ കാപ്പിത്തോട്ടം എന്നിവ കണ്ടുകെട്ടിയവയില്‍ പെടും. കര്‍ണാടക സി ഐ ഡി വഞ്ചനാ കേസില്‍ 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സി ബി ഐക്ക് വിടുകയായിരുന്നു. സ്വത്തുക്കള്‍ രാജാവ് തനിക്ക് ദാനം ചെയ്തതാണെന്നാണ് ഈശ്വര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് എഡ്വിന്‍ ഇത് സംബന്ധിച്ച് നസറാബാദ് പോലീസില്‍ പരാതി നല്‍കിയത്.