വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ പുന:പരിശോധിക്കും: കോടിയേരി

Posted on: November 22, 2019 9:58 am | Last updated: November 22, 2019 at 12:32 pm

തിരുവനന്തപുരം: പന്തീരാങ്കാവില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരത്തെ ചിലര്‍ക്കെതിരെ യുഎപിഎ ചുമത്തി, പിന്നീട് തിരുത്തിയത് മറക്കരുതെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി.

യുഎപിഎ പോലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമല്ല. യുഎപിഎ കരിനിയമമാണെന്നതില്‍ സിപിഎമ്മിന് സംശയമില്ല. യുഎപിഎ വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലാണെന്ന പ്രചാരണം അസംബന്ധമാണെന്നും മാവോയിസ്റ്റ് വഴി തെറ്റ് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
മാവോയിസ്റ്റുകളെ വര്‍ഗശത്രുവായി സിപിഎം വിലയിരുത്തുന്നില്ല. എന്നാല്‍, അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടവരും കേരളത്തിലെ വിവിധ പോക്കറ്റുകളില്‍ താവളമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുമായ മാവോയിസ്റ്റുകള്‍ കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ്.
ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും പശ്ചാത്തലമാക്കി ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ വേരുറപ്പിക്കാന്‍ മാവോവാദികള്‍ നീങ്ങിയിരുന്നു.

എന്നാല്‍, അത്തരം അവസ്ഥകളൊന്നും ഇല്ലാത്ത കേരളത്തെ തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള താവളമാക്കാന്‍ നോക്കുന്നതിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള അതിഗൂഢമായ രാഷ്ട്രീയ അജന്‍ഡയാണ് വെളിവാകുന്നത്. ഇന്ത്യയില്‍ ഇടതുപക്ഷ ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. ഇവിടെ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കരുതെന്ന ലാക്കോടെ ജനമനസ്സുകളെ തിരിക്കാനാണ് നോട്ടം. അതിന് കോര്‍പറേറ്റുകളുടെയും സാമ്രാജ്യത്വശക്തികളുടെയും സാര്‍വദേശീയ മതതീവ്രവാദ സംഘടനകളുടെയും പിന്തുണ മാവോവാദികള്‍ക്ക് കിട്ടുന്നുണ്ടെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കുന്നു.