അധ്യാപകർക്കെതിരെ നരഹത്യക്കു കേസെടുക്കണം: എസ് എസ് എഫ്

Posted on: November 21, 2019 8:44 pm | Last updated: November 21, 2019 at 8:50 pm

കൽപ്പറ്റ | സുൽത്താൻ ബത്തേരി എസ് വി എച്ച് എസ് സ്കൂളിൽ പാമ്പ് കടിയേറ്റ വിദ്യാർഥിനിയെ യഥാ സമയം ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ അധ്യാപകർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് എസ്എസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സ്കൂളിലെ അധ്യാപകരുടെ ഉത്തരവാദിത്വക്കുറവ് മരണത്തിന് കാരണം ആയിട്ടുണ്ട്. സസ്പെൻഷൻ കൊണ്ടു മാത്രം പരിഹാരം കാണാൻ ശ്രമിക്കരുത്.

സർക്കാർ സ്കൂളുകൾക്കു വേണ്ടി ചിലവഴിക്കുന്ന കോടികൾ കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ല. കോർപറേറ്റു ക്ലാസ് റൂമുകളും സ്കൂളുകളും നവീകരിക്കപ്പെടുമ്പോൾ സർക്കാർ സ്കൂളുകൾ പ്രാകൃതമായ അവസ്ഥയിൽ തുടരുന്നത് അംഗീകരിക്കാനാവുന്നതല്ല. അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി ഗവൺമെന്റ് നൽകുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കാത്തതാണ് പ്രധാന കാരണം. സ്മാർട്ട് സ്കൂളുകളുടെയും ക്ലാസ് മുറികളുടെയും എണ്ണം നിരത്തി മേന്മ പറയുന്ന സർക്കാരിന് ഇതിൽ ഉത്തരവാദിത്വം ഉണ്ട്. ഇനിയും ഒരു ജീവൻ നഷ്ടപ്പെടാതിരിക്കാൻ സർക്കാർ ഗൗരവമായി ഇടപെടണമെന്നും  എസ് എസ് എഫ് ആവശ്യപ്പെട്ടു.