നാല് വര്‍ഷത്തിനുള്ളില്‍ ആറര ലക്ഷം യൂണിറ്റുകള്‍ നിരത്തില്‍; ചരിത്രം സൃഷ്ടിച്ച് മാരുതി ബലേനോ

Posted on: November 21, 2019 7:18 pm | Last updated: November 21, 2019 at 7:18 pm

മുംബൈ | നാല് വര്‍ഷത്തിനുള്ളില്‍ ആറര ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് മാരുതി ബലേനോ പുതുചരിത്രം രചിച്ചു. 2015 ഒക്ടോബറില്‍ നിരത്തിലിറങ്ങിയ ബലേനോ ഇന്ത്യന്‍ വിപണിയില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്.

നിരത്തിലിറങ്ങി ആദ്യ വര്‍ഷത്തില്‍ ഒരു ലക്ഷം യൂണിറ്റാണ് വിറ്റഴിച്ചത്. അടുത്ത ഒരു ലക്ഷം യൂണിറ്റുകള്‍ എട്ട് മാസത്തിനുള്ളിലും മറ്റൊരു ലക്ഷം യൂണിറ്റുകള്‍ ഏകദേശം 5 മാസത്തിനുള്ളിലും വിറ്റുപോയി. 2019 മെയ് മാസത്തില്‍ 6 ലക്ഷം യൂണിറ്റ് വില്‍പന പൂര്‍ത്തിയാക്കി. ബാക്കി 50,000 യൂണിറ്റുകള്‍ വെറും 5 മാസത്തിനുള്ളിലും നിരത്തിലിറങ്ങി. വാഹന വ്യവസായം മാന്ദ്യത്തെ നേരിടുന്നതിനിടയിലാണ് പ്രതിമാസം ശരാശരി 10,000 യൂണിറ്റ് വില്‍പ്പന നടത്തി ബലേനോ മുന്നേറുന്നത്.

തുടക്കം മുതല്‍ ബലേനോ ഒരു നേതാവായിരുന്നുവെന്നും മാരുതിയുടെ പ്രീമിയം ചാനലായ നെക്‌സയില്‍ നിന്ന് ചില്ലറ വില്‍പ്പന നടത്തിയ ഈ മോഡല്‍, മാരുതി സുസുക്കി കുടുംബത്തിലേക്ക് ഒരു പുതിയ ഉപഭോക്താക്കളെ ആകര്‍ഷിച്ചുവെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് & സെയില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. പ്രീമിയം ഹാച്ച്ബാക്കിനായി തിരയുന്നവര്‍ക്ക് അനുയോജ്യമായ മോഡലാണ് ബലേനോ. ആനുകാലിക സാങ്കേതിക പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഉപഭോക്താവിന്റെ പ്രതീക്ഷകളോടും ആഗ്രഹങ്ങളോടും പൊരുത്തപ്പെടുന്ന രീതിയിലാണ് കാറ് സംവിധാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യം, ബലേനോയുടെ മിഡ് ലൈഫ് ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കിയിരുന്നു. ഇന്ത്യയിലെ കമ്പനിയില്‍ നിന്നുള്ള ആദ്യത്തെ ബിഎസ് 6 പെട്രോള്‍ മോഡലായിരുന്നു ഇത്. നിലവില്‍, സ്മാര്‍ട്ട് ഹൈബ്രിഡ് (എസ്എച്ച്വിഎസ്) സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി പുതുക്കിയ ബിഎസ് 6 കംപ്ലയിന്റ് 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ വിവിടി ബിഎസ് 6 എഞ്ചിനും സാധാരണ 1.2 ലിറ്റര്‍ വിവിടി പെട്രോള്‍ മില്ലും അടങ്ങിയ മോഡലുകള്‍ വിപണിയിലുണ്ട്.

നിലവില്‍, മാരുതി സുസുക്കി ബലേനോയുടെ വില 5.58 ലക്ഷം മുതല്‍ 90 8.90 ലക്ഷം (എക്‌സ്‌ഷോറൂം, ന്യൂഡല്‍ഹി). വരെയാണ്.