Connect with us

Kerala

വാളയാറില്‍ സര്‍ക്കാര്‍ ഇടപെടല്‍; പി സുബ്രഹ്മണ്യനെ പാലക്കാട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു

Published

|

Last Updated

തിരുവനന്തപുരം: വാളയാറിലെ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതിന് പിന്നാലെ പുതിയ പാലക്കാട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പി സുബ്രഹ്മണ്യനെ നിയമിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പാലക്കാട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. ലത ജയരാജനെ മാറ്റിയത്. ഇവര്‍ക്ക് പകരമായാണ് പി സുബ്രഹ്മണ്യനെ നിയമിച്ചിരിക്കുന്നത്. പ്രധാനമായും പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യാനാണ് നിലവിലെ പാനലിലുള്ള സുബ്രഹ്മണ്യനെ പുതിയ പ്രോസിക്യൂട്ടറായി അടിയന്തരമായി നിയമിച്ച് ഉത്തരവ് ഇറക്കിയത്.

ലത ജയരാജനെ മാറ്റിയതിനു പുറമെ, കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട പോക്‌സോ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നാളെ ഹൈക്കോടതി പരിഗണിക്കും. അന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടിയിലും ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയും വേണമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. കേസില്‍ പുനര്‍ വിചാരണ ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.