Connect with us

National

വെള്ളം കുടിക്കാന്‍ വാട്ടര്‍ബെല്‍; പുതിയ പരീക്ഷണവുമായി കര്‍ണാടകയിലെ സ്‌കൂള്‍

Published

|

Last Updated

ന്യൂഡല്‍ഹി | വെള്ളം കുടി കുറയുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കും. പ്രത്യേകിച്ചും ഉഷ്ണകാലങ്ങളില്‍. ഇതിനു പരിഹാരമായി പുതിയൊരു പരീക്ഷണവുമായി രംഗത്ത് വന്നിരിക്കുകയാണ് കര്‍ണാടകയിലെ ഒരു വിദ്യാലയം. വിദ്യാര്‍ഥികളില്‍ കുടിവെള്ളത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക “വാട്ടര്‍ ബെല്‍” ഏര്‍പെടുത്തിയിരിക്കുകയാണ് ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടി പട്ടണത്തിലെ ഇന്ദ്രപ്രസ്ഥ സ്‌കൂള്‍. ഓരോ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുക എന്നതാണ് പ്രത്യേക വാട്ടര്‍ ബെല്ലിന്റെ ലക്ഷ്യം. ദിവസവും മൂന്ന് നേരം ഈ ബെല്‍ മുഴങ്ങും. ഈ സമയം ക്ലാസ്മുറിയില്‍ അധ്യാപകരുടെ സാന്നിധ്യത്തില്‍ തന്നെ കുട്ടികള്‍ക്ക് വെള്ളം കുടിക്കാം. രാവിലെ 10:35, ഉച്ചയ്ക്ക്, ഉച്ചയ്ക്ക് 2 മണി എന്നീ സമയങ്ങളിലാണ് വാട്ടര്‍ബെല്‍ മുഴങ്ങുന്നത്.

അന്തരീക്ഷ താപനില ഉയരുമ്പോള്‍ കുട്ടികളില്‍ വയറുവേദന, മയക്കം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് പുതിയ പരീക്ഷണം ആരംഭിച്ചതെന്ന് ഇന്ദ്രപ്രസ്ഥ വിദ്യാലയം പ്രിന്‍സിപ്പല്‍ ജോസ് എംജെ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന വെള്ളക്കുപ്പി അതേപോലെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതായും ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വാട്ടര്‍ബെല്‍ അവതരിപ്പിച്ചതു മുതല്‍, മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയറുവേദനയെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ക്ലാസില്‍ നിന്ന് പുറത്തുപോകുന്നതു സംബന്ധിച്ച് അധ്യാപകരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി ഇന്ദ്രപ്രസ്ഥ വിദ്യാലയം ചെയര്‍മാന്‍ യുഎസ്എ നായക് പറഞ്ഞു. പ്രത്യേക ബെല്‍ അവതരിപ്പിച്ചതു മുതല്‍ കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും സംസ്ഥാനത്തെ മറ്റ് സ്‌കൂളുകളും ഇതേ രീതി പിന്തുടരാന്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

കുട്ടികളെ ഉചിതമായ അളവില്‍ വെള്ളം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും ഇത് നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Latest