76 സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്ക്; ദീപക്കിനെ ഛത്തീസ്ഗഡ് പോലീസിസ് കസ്റ്റഡിയിലെടുക്കും

Posted on: November 19, 2019 9:07 pm | Last updated: November 20, 2019 at 12:18 pm

കോയമ്പത്തൂര്‍ : ഛത്തീസ്ഗഡില്‍ 76 സിആര്‍പിഎഫുകാരെ കൂട്ടക്കൊല ചെയ്തതില്‍ മാവോയിസ്റ്റ് നേതാവ് ദീപക്കിനു പങ്കുണ്ടെന്ന് പോലീസ്. അട്ടപ്പാടി ആനക്കട്ടിയില്‍ നിന്നു തമിഴ്‌നാട് പോലീസിന്റെ പിടിയിലായ ദീപക്കിനെ ചത്തീസ്ഗഡ് പോലീസ് കോയമ്പത്തൂരിലെത്തി തിരിച്ചറിഞ്ഞു.

2010 ഏപ്രില്‍ ആറിനാണ് ഛത്തീസ്ഗഡിലെ ദന്തേവാഡ മുക്‌റാന വനത്തില്‍ 76 സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ പങ്കുണ്ടായിരുന്ന മാവോയിസ്റ്റ് നേതാവാണ് ആനക്കട്ടിയില്‍ പിടിയിലായ ദീപക്. ഛത്തീസ്ഗഡ് സുക്മ ഡിഎസ്പി മനോജ്കുമാര്‍, ഇന്‍സ്‌പെക്ടര്‍ സഞ്ജയ് സിങ് എന്നിവര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ചികിത്സയിലുള്ള ദീപക്കിനെ തിരിച്ചറിഞ്ഞു.

ട്രാന്‍സിറ്റ് വാറണ്ട് മുഖേന ദീപക്കിനെ ഛത്തീസ്ഗഡ് പോലീസ് കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ 9 ന് ആനക്കട്ടി വനത്തില്‍ നിന്നാണ് തമിഴ്‌നാട് സ്‌പെഷല്‍ ടാക്‌സ് ഫോഴ്‌സ് ദീപക്കിനെ പിടികൂടിയത്.