ആകാശ വിസ്മയത്തിന് സാക്ഷിയാവാൻ കാസർകോട്

ഇന്ത്യയിൽ ആദ്യം ദൃശ്യമാവുക ചെറുവത്തൂരിൽ
Posted on: November 19, 2019 12:52 pm | Last updated: November 19, 2019 at 12:54 pm


കാസർകോട് | വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയത്തിന് സാക്ഷികളാവാൻ കാസർകോടിനും അപൂർവ അവസരമൊരുങ്ങുന്നു. ഡിസംബർ 26ന് സംഭവിക്കുന്ന ഗ്രഹണം ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുന്ന ലോകത്തിലെ മൂന്ന് സ്ഥലങ്ങളിലൊന്ന് ചെറുവത്തൂർ ആണ്. ഇന്ത്യയിൽ ആദ്യം ദൃശ്യമാകുന്ന പ്രദേശമായ ചെറുവത്തൂരിലെ കാടങ്കോട്ട് പൊതുജനങ്ങൾക്ക് ഗ്രഹണം നിരീക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വിധ സൗകര്യങ്ങളുമൊരുക്കുമെന്ന് ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു പറഞ്ഞു.
രാവിലെ 8.04ന് ആരംഭിക്കുന്ന ഭാഗിക ഗ്രഹണം 9.25ന് പൂർണതയിലെത്തും. മൂന്ന് മിനുട്ട് 12 സെക്കൻഡ് വരെ തുടരുന്ന പൂർണ വലയ ഗ്രഹണം 11.04ന് അവസാനിക്കും.

മംഗലാപുരം മുതൽ ബേപ്പൂർ വരെയുള്ള മേഖലകളിൽ ഭാഗികമായി ഗ്രഹണം ദൃശ്യമാവും. ഖത്വർ, യു എ ഇ, ഒമാൻ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണം ആരംഭിക്കുന്നത്. ചെറുവത്തൂരിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളാൽ വളരെ വ്യക്തമായി ഗ്രഹണം ഇവിടെ നിന്ന് കാണാൻ സാധിക്കുമെന്ന് സ്‌പേസ് ഇന്ത്യ സി എം ഡി സച്ചിൻ ബാംബ പറഞ്ഞു. ജ്യോതിശാസ്ത്ര മേഖലയെ സംബന്ധിച്ച് ജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകളെ കുറിച്ച് ബോധവത്കരണം നടത്തുകയും ആസ്‌ട്രോ ടൂറിസത്തിന്റെ പ്രചാരകനായി പ്രവർത്തിക്കുകയുമാണ് സച്ചിൻ ബാംബ. കണ്ണൂർ, വയനാട് ജില്ലകളിലെ മാതമംഗലം, പന്നിയൂർ, പേരാവൂർ, മീനങ്ങാടി, ചുള്ളിയോട് എന്നിവയടക്കമുള്ള പ്രദേശങ്ങളിൽ ദൃശ്യമാകുന്ന ഗ്രഹണം തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലുടെയും കോട്ടൈപ്പട്ടണത്തിലൂടെയും കടന്ന് ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും ദൃശ്യമാവും.

ജാഗ്രത പാലിക്കണം

ചുരുങ്ങിയ സമയം മാത്രം ദൃശ്യമാവുന്ന വലയ സൂര്യഗ്രഹണം നഗ്‌നനേത്രങ്ങളാൽ ദർശിക്കാൻ പാടില്ല. പൂർണ ഗ്രഹണ സമയത്ത് ഇരുട്ടാവുന്നതിനാൽ ജനങ്ങൾ പുറത്തിറങ്ങി നഗ്‌ന നേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കുകയും, മിനുട്ടുകൾക്കകം പൂർണ ഗ്രഹണം അവസാനിച്ച് സൂര്യരശ്മികൾ കണ്ണിലേക്ക് നേരിട്ടെത്തുകയും ചെയ്യും.

പ്രകാശമില്ലാത്ത സമയത്ത് നേത്ര ഭാഗങ്ങൾ വികസിക്കുന്നതിനാൽ പൂർണ ഗ്രഹണത്തിന് ശേഷം പെട്ടെന്ന് തന്നെ വലിയ അളവിൽ സൂര്യരശ്മികൾ പതിക്കുന്നത് കാഴ്ചയെ പ്രതികൂലമായി ബാധിക്കും. ശാസ്ത്രീയമായി മാത്രമേ ഗ്രഹണം നിരീക്ഷിക്കാൻ പാടുള്ളുവെന്ന് ജില്ലാ കലക്ടർ പറഞ്ഞു.