ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നടപടി: ഇന്ന് ക്യാമ്പസില്‍ അധ്യാപകരുടെ പ്രതിഷേധം

Posted on: November 19, 2019 9:00 am | Last updated: November 19, 2019 at 11:15 am

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ജെ എന്‍ യു വിദ്യാര്‍ഥികളെ തല്ലിചതച്ച പോലീസ് നടപടിയില്‍ അധ്യാപകര്‍ പ്രതിഷേധത്തിനിറങ്ങുന്നു. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഇന്ന് ക്യാമ്പസില്‍ അധ്യാപക സംഘടന പ്രതിഷേധ പ്രകടനം നടത്തും. വി സി യുടെ നിലപാടില്‍ മാറ്റം വരുത്തണമെന്നാണ് വിദ്യാര്‍ഥി യൂണിയന്റെ ആവശ്യം. ഇന്ന് വിദ്യാര്‍ഥി യൂണിയന്‍ വാര്‍ത്താ സമ്മേളനം നടത്തുകയും തുടര്‍ന്ന് തുടര്‍സമരം പ്രഖ്യാപിക്കുകയും ചെയ്യും. മണിക്കുറുകളോളം ദില്ലി തുക്ലക്ക് റോഡ് ഉപരോധിച്ച് സമരം ചെയ്ത വിദ്യാര്‍ഥികളെ ഇന്നലെ പോലീസ് തല്ലി ഓടിച്ചിരുന്നു. വഴിവിളക്കുകള്‍ അണച്ച ശേഷമായിരുന്നു പോലീസിന്റെ അതിക്രമം.

അന്ധവിദ്യാര്‍ഥികള്‍ അടക്കം നിരവധി വിദ്യാഥികള്‍ക്ക് പോലീസ് മര്‍ദനത്തില്‍ പരുക്കേറ്റിരുന്നു. ജെ എന്‍ യു വിദ്യാര്‍ഥിയൂണിയനെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക വിളിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പോലീസിന്റെ അപ്രതീക്ഷത നീക്കം. വഴിവിളക്കുകള്‍ അണച്ച ശേഷം കൂട്ടത്തോടെ എത്തിയ പോലീസും സി ആര്‍ പി എഫും വിദ്യാര്‍ഥികളെ തല്ലിയോടിക്കുകയായിരുന്നു.