Connect with us

Editorial

ദ്വീപ് രാഷ്ട്രത്തില്‍ രജപക്‌സേയിസം ജയിക്കുമ്പോള്‍

Published

|

Last Updated

ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നു. ഔദ്യോഗിക ഫലം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ പ്രസിഡന്റ് മഹീന്ദാ രജപക്‌സേയുടെ സഹോദരനുമായ ഗോതബയ രജപക്‌സേയുടെ വിജയം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. 52.25 ശതമാനം വോട്ടാണ് അദ്ദേഹം നേടിയത്. ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു ഗോതബയ. മുഖ്യ എതിരാളിയായ, യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ സജിത്ത് പ്രേമദാസക്ക് 41.99 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്തുള്ളത്. തോല്‍വി സമ്മതിച്ചതായി പ്രേമദാസ അറിയിച്ചിട്ടുണ്ട്. ജയിച്ചത് ഗോതബയയാണെങ്കിലും ആഘോഷിക്കാന്‍ അര്‍ഹതയുള്ളത് മഹീന്ദാ രജപക്‌സേക്കാണ്. അദ്ദേഹമാണ് രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തിയത്. നിലപാടുകള്‍ ആവിഷ്‌കരിച്ചതിലും അവ ചാട്ടുളി പോലെ ജനങ്ങളിലേക്ക് കടത്തി വിട്ടതിലും രജപക്‌സേയുടെ മിടുക്കുണ്ട്.

2005 മുതല്‍ 2010 വരെയാണ് ഗോതബയ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തത്. അന്ന് പ്രസിഡന്റ് പദവിയില്‍ മഹീന്ദാ രജപക്‌സേയാണ്. അന്നാണ് തമിഴ് പുലികള്‍ക്കെതിരെ അന്തിമ സൈനിക നടപടി അരങ്ങേറിയത്. എല്‍ ടി ടി ഇ മേധാവി പ്രഭാകരന്റെ വധത്തില്‍ കലാശിച്ച ആ സൈനിക നടപടി ദ്വീപ് രാഷ്ട്രത്തിന്റെ മാത്രമല്ല ലോകത്തിന്റെ ചരിത്രത്തില്‍ തന്നെ കറുത്ത അധ്യായമായിരുന്നു. തീവ്രവാദ സംഘടനയെ ഉന്‍മൂലനം ചെയ്യാന്‍ അത് പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ തന്നെ ഉന്‍മൂലനം ചെയ്യാമെന്ന പ്രത്യയശാസ്ത്രമായിരുന്നു രജപക്‌സേമാര്‍ അന്ന് പുറത്തെടുത്തത്. 26 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് അറുതി വരുത്തിയ ആ സൈനിക നടപടിക്കിടെ അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് ഇന്നും സ്വതന്ത്ര അന്വേഷണം നടന്നിട്ടില്ല.

തമിഴ് വേട്ടക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മഹീന്ദാ രജപക്‌സേ തോറ്റെങ്കിലും ദ്വീപ് രാഷ്ട്രം സമ്പൂര്‍ണമായി സിംഹളാധിപത്യ ഭൂമിയായി മാറുന്നതിന് അന്നത്തെ സൈനിക നടപടി വഴിയൊരുക്കി. തമിഴ്, മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ നിതാന്തമായ ഭയത്തിലേക്ക് എടുത്തെറിയപ്പെടുകയും സിംഹള ബുദ്ധ ഭൂരിപക്ഷം സര്‍വ മേഖലയിലും പിടിമുറുക്കുകയും ചെയ്തു. ഈ ഭൂരിപക്ഷ ഏകീകരണത്തിന്റെ ചാമ്പ്യനായി മാറിയത് മഹീന്ദാ രജപക്‌സേയും ഗോതബയ രജപക്‌സേയുമായിരുന്നു. അവര്‍ക്ക് വീര പരിവേഷം കൈവന്നു. ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരുടെ ചോര പുരണ്ട കിരീടമാണ് അവര്‍ അണിഞ്ഞത്. ബോധു ബല സേനയെന്ന ബുദ്ധ തീവ്രവാദി സംഘടനയുടെ രൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ഗോതബയ. ഇപ്പോള്‍ ഗോതബയ രജപക്‌സേ ശ്രീലങ്കയുടെ പ്രസിഡന്റായി മാറുമ്പോള്‍ വിജയിക്കുന്നത് ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികള്‍ പയറ്റുന്ന അതേ രാഷ്ട്രീയമാണ്. ശക്തമായ രാഷ്ട്രം എന്ന മുദ്രാവാക്യമാണ് ഗോതബയ പ്രധാനമായും മുന്നോട്ട് വെച്ചത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതേയില്ല.

ആഭ്യന്തര സുരക്ഷയിലൂന്നി ഗോതബയ നടത്തിയ പ്രചാരണത്തിലുടനീളം വര്‍ഗീയതയുടെ നിറമുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍, ഈസ്റ്റര്‍ ദിനത്തില്‍ ചര്‍ച്ചുകള്‍ക്ക് നേരെ ഭീകരാക്രമണം നടത്തി 269 പേരെ വകവരുത്തിയ സലഫി തീവ്രവാദികളോടാണ് ഗോതബയ കടപ്പെട്ടിരിക്കേണ്ടത്. സലഫികള്‍ ബുദ്ധ വര്‍ഗീയതക്ക് സുവര്‍ണാവസരമൊരുക്കുകയായിരുന്നു. ഈ ചോരക്കളിയുടെ പാപഭാരം മുഴുവന്‍ മുസ്‌ലിംകള്‍ക്ക് മേല്‍ കെട്ടിവെക്കുകയാണ് സിംഹള രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തത്.

ഒരു വശത്ത് ഭീകരാക്രമണ ഭീതി സൃഷ്ടിച്ചു. മറുവശത്ത് മുസ്‌ലിം ജനസാമാന്യത്തെ പരമാവധി ഒറ്റപ്പെടുത്തി. ബുദ്ധ സന്യാസി അതുരേലിയേ രത്‌ന തേരോ കാന്‍ഡിയില്‍ ആരംഭിച്ച അനിശ്ചിത കാല നിരാഹാരവും അതിന് പിന്തുണയര്‍പ്പിച്ച് വിവിധ സിംഹള ഗ്രൂപ്പുകള്‍ നടത്തിയ പ്രക്ഷോഭവും ശ്രീലങ്കയിലെ മുസ്‌ലിംകളെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അന്യവത്കരണത്തിലേക്ക് എടുത്തെറിഞ്ഞിരുന്നു. മുസ്‌ലിം വ്യാപാര സ്ഥാപനങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. തൊഴില്‍ മേഖലയില്‍ നിന്ന് യുവാക്കളെ പിരിച്ചു വിട്ടു. അടിയന്തരാവസ്ഥയുടെ മറവില്‍ നൂറുകണക്കിന് ചെറുപ്പക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്തു.

സലഫി ഗ്രൂപ്പുകളാണ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സഹ്‌റാന്‍ ഹാശിം അടക്കമുള്ള എല്ലാ തീവ്രവാദികളെയും മുസ്‌ലിം ജനസാമാന്യം തള്ളിപ്പറഞ്ഞതാണെന്നും അറിയാത്തവരല്ല ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വം. പക്ഷേ, മുസ്‌ലിംവിരുദ്ധ പൊതു ബോധം കത്തി നില്‍ക്കുമ്പോള്‍ അവരാരും മിണ്ടിയില്ല. ശ്രീലങ്കയിലെ മതേതര ചേരി അതിവേഗം ദുര്‍ബലമാകുകയും സിംഹള വീര്യം അതിശക്തമാകുകയുമായിരുന്നു. ഇങ്ങനെ ഉഴുതുമറിക്കപ്പെട്ട മണ്ണിലേക്കാണ് ഗോതബയ രാഷ്ട്രീയ രഥം ഉരുട്ടിയത്. അതുകൊണ്ട് ഗോതബയയുടെ വിജയം സുനിശ്ചിതമായിരുന്നു.

മുഖ്യ എതിരാളി സജിത്ത് പ്രേമദാസ നിലവില്‍ വിക്രമസിംഗെ മന്ത്രിസഭയിലെ അംഗമാണെന്നത് ഗോതബയക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. ഭീകരാക്രമണവും പിന്നീട് നടന്ന അതിക്രമങ്ങളും വിക്രമസിംഗെ സര്‍ക്കാറിന്റെ പരാജയമായി ചിത്രീകരിക്കുന്നതില്‍ ഗോതബയ വിജയിച്ചു. ഈ മന്ത്രിസഭയില്‍ അംഗമായ ഒരാള്‍ പ്രസിഡന്റായാല്‍ രാജ്യം എത്രമാത്രം ദുര്‍ബലമായിരിക്കുമെന്നായിരുന്നു ചോദ്യം. മുസ്‌ലിം വോട്ടുകള്‍ വന്‍തോതില്‍ പ്രേമദാസക്ക് ലഭിച്ചിട്ടുണ്ട്. മോദിപ്പേടിയില്‍ ഇന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ മുസ്‌ലിംകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത് പോലെയാണത്. തമിഴ് ന്യൂനപക്ഷവും ഗോതബയക്കെതിരായ നിലപാടാണ് കൈകൊണ്ടത്. ആ അര്‍ഥത്തില്‍ ഭൂരിപക്ഷ ഏകീകരണവും തീവ്ര വലതുപക്ഷ രാഷ്ട്രീയ വിജയവുമാണ് ശ്രീലങ്കയില്‍ ഉണ്ടായിരിക്കുന്നത്.

ഗോതബയയുടെ വിജയം രാഷ്ട്രീയമായി ഇന്ത്യയിലെ ഭരണകക്ഷിക്ക് വലിയ ആഹ്ലാദം നല്‍കുമായിരിക്കാം. എന്നാല്‍ രാജ്യ താത്പര്യം മുന്‍നിര്‍ത്തുമ്പോള്‍ ഈ വിജയം അത്ര ആനന്ദകരമല്ല. മഹീന്ദാ രജപക്‌സേയും ഗോതബയയും ശുദ്ധ ചൈനീസ് പക്ഷപാതികളാണ്. രജപക്‌സേ പ്രസിഡന്റായിരുന്നപ്പോഴാണ് പരമ്പരാഗതമായി ഇന്ത്യയോട് ചേര്‍ന്ന് നിന്നിരുന്ന ശ്രീലങ്ക ചൈനീസ് പക്ഷത്തേക്ക് ചാഞ്ഞത്. തുറമുഖ വികസനമടക്കമുള്ള നിരവധി സാമ്പത്തിക ഇടപാടുകളില്‍ ഇന്ത്യയെ തഴഞ്ഞ് ചൈനക്ക് പരവതാനി വിരിച്ചവരാണവര്‍.

Latest