Connect with us

Kerala

ബാബരി: പരിഹാരം സമാധാനപരമാകണം- കാന്തപുരം

Published

|

Last Updated

കൊച്ചി: രാജ്യത്തിന്റെ അഖണ്ഡതയും സമാധാനവും കാത്തു സൂക്ഷിക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എറണാകുളം മറൈന്‍ ഡ്രൈവില്‍ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച 15ാമത് ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സില്‍ പ്രവാചക പ്രകീര്‍ത്തന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കലാപ കലുഷിതമായ അന്തരീക്ഷം ഉണ്ടാക്കിക്കൊണ്ടല്ല ആരാധനാലയങ്ങള്‍ സംരക്ഷിക്കേണ്ടത്. ബാബരി വിധിയെ സംബന്ധിച്ച് പുനര്‍ വിചിന്തനം ചെയ്യാന്‍ കോടതിയോട് ആവശ്യപ്പെടാം. കലാപം സൃഷ്ടിക്കാതെ ഏതുവിധേനയും പരിഹാരം തേടാവുന്നതാണ്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. സമാധാനം, സ്‌നേഹം, സഹിഷ്ണുത, കരുണ, അന്യരെ സ്വന്തം ശരീരത്തെ പോലെ കാണുക എന്നിവയാണ് ഇസ്‌ലാം പഠിപ്പിച്ചത്. പ്രവാചകരുടെ സ്വഭാവം പകര്‍ത്തിയെടുക്കാനാണ് നാം കല്‍പ്പിക്കപ്പെട്ടത്. നബി (സ) അഖിലലോക ചരാചരങ്ങള്‍ക്കും അനുഗ്രഹമായി അയക്കപ്പെട്ട ഒരേയൊരു വ്യക്തിയാണ്. നബി തങ്ങളെ പോലെ മറ്റാരുമില്ല. പ്രവാചകര്‍ തീവ്രവാദിയോ ഭീകരവാദിയോ കടുത്ത സ്വഭാവിയോ ആയിരുന്നെങ്കില്‍ ഇസ്‌ലാമിലേക്ക് ആളുകള്‍ കടന്നുവരികയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ശര്‍റഫുല്‍ അനാം മൗലിദ് നടന്നു. പത്മശ്രീ ഡോ. എം എ യൂസുഫലി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ കല്‍ത്തറ അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു. മര്‍കസ് ഡയറക്ടര്‍ എ പി അബ്ദുല്‍ ഹക്കീം അസ്ഹരി ആമുഖ ഭാഷണവും സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രഭാഷണവും നടത്തി. അഡ്വ. ആരിഫ് എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ, മുന്‍ എം എല്‍ എ. എ എം യൂസുഫ്, അഡ്വ. സി എ മജീദ് പ്രസംഗിച്ചു. സയ്യിദ് ഫസല്‍ കോയമ്മ ഖുറാ തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി

Latest