ആര്‍ എസ് സി ബുക് ടെസ്റ്റ്; പുസ്തകം പ്രകാശനം ചെയ്തു

Posted on: November 17, 2019 1:26 pm | Last updated: November 17, 2019 at 1:26 pm

റിയാദ്: പ്രവചക ജീവിതവും ചരിത്രവും വായനാ വിധേയമാക്കുന്നതിന് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫില്‍ നടത്തിവരുന്ന പന്ത്രണ്ടാമത് വിജ്ഞാന പരീക്ഷ ‘ബുക് ടെസ്റ്റ് 2019’ നുള്ള പുസ്തകം പ്രകാശനം ചെയ്തു. ഡോ. സക്കീര്‍ ഹുസൈന്‍ രചിച്ച ‘പ്രവാചകരുടെ മദീന’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നടത്തുന്ന ടെസ്റ്റിന്റെ സഊദി ഈസ്റ്റ് തല പ്രകാശനമാണ് റിയാദില്‍ നടന്നത്. പുസ്തകത്തിന്റെ ഏഴാമത് എഡിഷന്‍ പ്രമുഖ എഴുത്തുകാരന്‍ ജോസഫ് അതിരുങ്ങലിനു കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. സലിം പട്ടുവം, ഉമറലി കോട്ടക്കല്‍, ഹനീഫ മാസ്റ്റര്‍, സയ്യിദ് മന്‍സൂര്‍ തങ്ങള്‍, റഫീഖ് പള്ളിക്കല്‍ ബസാര്‍ സംബന്ധിച്ചു.

പ്രവാചക പട്ടണ ചരിത്രം, തിരുനബിയുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ഇടപെടലുകള്‍, ആ കാലഘട്ടത്തിലെ ഗോത്ര വിഭാഗം ജീവിച്ച സാഹചര്യങ്ങള്‍ എന്നിവയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ജനറല്‍, സ്റ്റുഡന്‍സ് വിഭാഗങ്ങളിലായി നടത്തുന്ന ബുക് ടെസ്റ്റില്‍ ഗള്‍ഫ് തലത്തില്‍ ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 50,000 രൂപയും രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 25,000 രൂപയും സമ്മാനം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. സ്റ്റുഡന്‍സ് വിഭാഗത്തില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 10,000, 5000 രൂപയാണ് സമ്മാനം.

പുസ്തകത്തോടൊപ്പം ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഡിസംബര്‍ 10 നകം ഓണ്‍ലൈനില്‍ ഉത്തരങ്ങള്‍ രേഖപ്പെടുത്തണം. ജനറല്‍ വിഭാഗത്തില്‍ 15 ലധികം മാര്‍ക്ക് നേടുന്നവരും സ്റ്റുഡന്‍സ് വിഭാഗത്തില്‍ 12 ലധികം മാര്‍ക്ക് നേടുന്നവരും ഫൈനല്‍ പരീക്ഷക്ക് യോഗ്യരാകും. ഡിസംബര്‍ 13 നാണ് ഫൈനല്‍ പരീക്ഷ. ബുക്ക് ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യുന്നതിനും പുസ്തകങ്ങള്‍ നിബന്ധനയോടെ ഓണ്‍ലൈനില്‍ വായിക്കുന്നതിനും www.rsconline.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം.