National
പോലീസ് ഉദ്യോഗസ്ഥന് ശകാരവും ഭീഷണിയും; മന്ത്രിയെ യുപി മുഖ്യമന്ത്രി വിളിച്ചു വരുത്തി ശാസിച്ചു

ലഖ്‌നൗ: നിര്‍മാണ കമ്പനിക്കെതിരെ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ മന്ത്രിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചു വരുത്തി ശാസിച്ചു. മന്ത്രിസഭയിലെ വനിതാ അംഗമായ സ്വാതി സിങിനെയാണ് മുഖ്യമന്ത്രി ശാസിച്ചത്. പോലീസ് ഉദ്യോഗസ്ഥനെമന്ത്രിഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പ്രചരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നടപടി. വിഷയത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഡി ജി പിക്ക് നിര്‍ദേശം നല്‍കി.
മന്ത്രി സ്വാതി സിങ് ലഖ്‌നൗ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ കാന്ദ് ബിനു സിങിനെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ശബ്ദരേഖയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അന്‍സല്‍ ഡെവലെപ്പേഴ്‌സ് എന്ന കമ്പനിയ്‌ക്കെതിരെ കേസെടുത്തതിനാണ് മന്ത്രി ഉദ്യോഗസ്ഥനെ ശകാരിക്കുന്നത്.
കമ്പനിക്കെതിരെ കള്ളക്കേസാണ് എടുത്തതെന്ന് മന്ത്രി ശബ്ദരേഖയില്‍ പറയുന്നു. ഇത് ഉന്നത ബന്ധമുള്ള കേസാണെന്നും മുഖ്യമന്ത്രിക്ക്ഇതേക്കുറിച്ച് അറിയാമെന്നും മന്ത്രി പറയുന്നുണ്ട്. കേസ് ഒഴിവാക്കാനും ജോലിയില്‍തുടരുന്നതിനും തന്നെ ഓഫീസില്‍ വന്ന് കാണണമെന്നും മന്ത്രി ഓഫീസറോട് പറയുന്നുണ്ട്.
സംഭവം വിവാദമായതോടെ മന്ത്രി അധാകാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളായ എസ് പിയും, കോണ്‍ഗ്രസും രംഗത്തെത്തി. സെപ്തംബര്‍ 29ന് റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാരായ അന്‍സല്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അന്‍സലിനെ വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് മന്ത്രിയെ രോഷാകുലയാക്കിയത്.