Connect with us

Kerala

ശബരിമലയില്‍ യുവതികളെ തടയാന്‍ പദ്ധതി തയ്യാറാക്കി കര്‍മസമിതി; കോടതി വിധിയില്‍ വ്യക്തതയില്ലെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: ശബരിമല മണ്ഡല മകര വിളക്ക് സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സുപ്രീം കോടതിയുടെ ഉത്തരവിലെ അവ്യക്തത സുരക്ഷാ ഭീഷണി തീര്‍ത്തേക്കും. കേസ് വിശാല ബഞ്ചിന് വിട്ടെങ്കിലും യുവതി പ്രവേശനം സുപ്രീം കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ പോകാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ എത്തുന്ന യുവതികളെ തടയാന്‍ സംഘ്പരിവാറിന്റെ മേല്‍നോട്ടത്തിലുള്ള ശബരിമല കര്‍മ സമിതിയും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ന്യായാധിപന്‍മാര്‍ക്ക് തന്നെ അഭിപ്രായ ഐക്യമില്ലാത്ത വിഷയത്തില്‍ കാര്യമായ ഇടപടെല്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ മണ്ഡല കാലം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കയേറ്റുന്നതാണ്.

ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാറോ ദേവസ്വം ബോര്‍ഡോ സുപ്രീംകോടതിയെ സമീപിക്കില്ല. സ്വന്തം വിധി നടപ്പാക്കാന്‍ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ അതിന്റെ പേരില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്നതാണ് സര്‍ക്കാറിന്റെ നിലപാട്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇത് വ്യക്തമാക്കി കഴിഞ്ഞു.

എന്നാല്‍ യുവതികള്‍ എത്തിയാല്‍ തടയാന്‍ ഉത്സവ കാലത്ത് എല്ലാ ദിവസവും വിവിധ പ്രദേശങ്ങളില്‍ നിന്നു കര്‍മസമിതി പ്രവര്‍ത്തകര്‍ ഇരുമുടിക്കെട്ടുമായി ശബരിമലയിലെത്തുമെന്നാണ് കര്‍മ സമിതി നേതാക്കള് പറയുന്നത്. മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് എല്ലാ ദിവസവും ഊഴമിട്ട് സന്നിധാനത്തു തുടരാനാണു തീരുമാനം. യുവതീപ്രവേശം വേണ്ടെന്നുള്ള സര്‍ക്കാര്‍ നിലപാട് കണക്കിലെടുത്ത് പ്രത്യക്ഷ സമര പരിപാടികള്‍ വേണ്ടെന്നും ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള കര്‍മസമിതി തീരുമാനിച്ചു. ഇന്നു വൈകിട്ട് പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നാമജപയാത്ര സംഘടിപ്പിക്കും.

അതേ സമയം യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും ഇത് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. യുവതീ പ്രവേശനത്തില്‍ സര്‍ക്കാറിന്റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാറിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.