കൂറുമാറ്റ നിരോധന നിയമം നോക്കുകുത്തി?

തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയ ഒരംഗം മറ്റു കക്ഷികള്‍ മുന്നോട്ടു വെക്കുന്ന വാഗ്ദാനത്തില്‍ ആകൃഷ്ടനായി മറുകണ്ടം ചാടുമ്പോള്‍, തന്നെ വിശ്വസിച്ച പാര്‍ട്ടി നേതൃത്വത്തെയും വോട്ടര്‍മാരെയും വിഡ്ഢികളാക്കുക മാത്രമല്ല, ജനാധിപത്യത്തെ അപഹസിക്കുക കൂടിയാണ് ചെയ്യുന്നത്.
Posted on: November 16, 2019 10:53 am | Last updated: November 16, 2019 at 10:53 am

കക്ഷിരാഷ്ട്രീയത്തിലെ ഏറ്റവും വൃത്തികെട്ട മുഖമാണ് പണത്തിനും അധികാര സ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ള കൂറുമാറ്റം. നിയമസഭയിലേക്കോ പാര്‍ലിമെന്റിലേക്കോ ഒരു പ്രതിനിധിയെ മത്സരിപ്പിച്ചു ജയിപ്പിക്കാന്‍ പാര്‍ട്ടികള്‍ ദശലക്ഷങ്ങളോ കോടികളോ ആണ് ചെലവിടുന്നത്; വലിയ തോതിലുള്ള മനുഷ്യ വിഭവശേഷിയും. ഇങ്ങനെ ജയിച്ചു കയറിയ ഒരംഗം മറ്റു കക്ഷികള്‍ മുന്നോട്ടു വെക്കുന്ന വാഗ്ദാനത്തില്‍ ആകൃഷ്ടനായി മറുകണ്ടം ചാടുമ്പോള്‍, തന്നെ വിശ്വസിച്ച പാര്‍ട്ടി നേതൃത്വത്തെയും വോട്ടര്‍മാരെയും വിഡ്ഢികളാക്കുക മാത്രമല്ല, ജനാധിപത്യത്തെ അപഹസിക്കുക കൂടിയാണ് ചെയ്യുന്നത്.

രാജ്യത്ത് ജനപ്രതിനിധികളുടെ കൂറുമാറ്റ പ്രവണത വ്യാപകമായതിനെ തുടര്‍ന്ന് അതിനെ പ്രതിരോധിക്കാനാണ് 1985ല്‍ കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്നത്. ഇതനുസരിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചവര്‍ ആ പാര്‍ട്ടിയിലെ തന്റെ അംഗത്വം സ്വമേധയാ രാജിവെക്കുകയോ സഭയില്‍ ആ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നിര്‍ദേശത്തിനു വിരുദ്ധമായി വോട്ടു ചെയ്യുകയോ വോട്ടിംഗില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്താല്‍ അയാളുടെ സഭാംഗത്വം നഷ്ടപ്പെടുകയും തത്സ്ഥാനത്ത് തുടരുന്നതിന് അയോഗ്യനാകുകയും ചെയ്യുന്നു (ഒരു പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് ജനപ്രതിനിധികള്‍ ഒന്നിച്ചു കൂറുമാറിയാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകുകയില്ല). ഈ നിയമം വന്നതിനു ശേഷം ഒട്ടേറെ ജനപ്രതിനിധികള്‍ ഇങ്ങനെ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് നേതൃത്വത്തിലുള്ള ജെ ഡി എസ് സര്‍ക്കാറിനെ അട്ടിമറിക്കാനായി പ്രസ്തുത പാര്‍ട്ടികളില്‍ നിന്ന് കൂറുമാറിയ 17 എം എല്‍ എമാരുടെ കാര്യത്തില്‍ ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിപ്രസ്താവം ഈ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്.

കര്‍ണാടകയില്‍ കൂറുമാറിയ എം എല്‍ എമാരെ അയോഗ്യരാക്കിയ നടപടി കോടതി ശരിവെച്ചെങ്കിലും അവര്‍ക്ക് അടുത്ത മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നാണ് ജസ്റ്റിസുമാരായ എന്‍ വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചിന്റെ നിരീക്ഷണം. ബി ജെ പിയുടെ നെറികെട്ട രാഷ്ട്രീയ കളികള്‍ക്കുള്ള അംഗീകാരമായിപ്പോയി ഈ വിധി പ്രസ്താവം. സ്വാധീനങ്ങള്‍ക്ക് വഴങ്ങിയുള്ള കൂറുമാറ്റങ്ങള്‍ക്ക് ഇത് പ്രചോദനമാകുകയും ചെയ്യും. കര്‍ണാടകത്തില്‍ കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നു തൊട്ടേ തുടങ്ങിയിട്ടുണ്ട് ഭരണം അട്ടിമറിക്കാനുള്ള ബി ജെ പിയുടെ കരുനീക്കങ്ങള്‍. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാറിന് 115 അംഗ പിന്തുണയാണുണ്ടായിരുന്നത്. കോണ്‍ഗ്രസിന് 78ഉം ജെ ഡി എസിന് 37ഉം. 105 അംഗ പിന്തുണയുള്ള ബി ജെ പിക്ക് കൂറുമാറ്റ നിയമത്തെ അതിജീവിച്ചു ഈ സര്‍ക്കാറിനെ മറിച്ചിടണമെങ്കില്‍ ജെ ഡി എസില്‍ നിന്ന് 25 പേരെയോ കോണ്‍ഗ്രസില്‍ നിന്ന് 52 പേരെയോ വലയിലാക്കണം. അത് സാധ്യമല്ലാതെ വന്നപ്പോള്‍ ഇരു കക്ഷികളില്‍ നിന്നുമായി 17 എം എല്‍ എമാരെ സ്വാധീനിച്ച് നിയമസഭാംഗത്വത്തില്‍ നിന്ന് രാജി വെപ്പിച്ചു സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുത്തുന്ന തന്ത്രമാണ് പ്രയോഗിച്ചത്.

കൂറുമാറിയ ജനപ്രതിനിധികള്‍ക്ക് കൂറുമാറ്റ നിയമ പ്രകാരം അടുത്ത ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തണമെന്ന വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് കര്‍ണാടകയില്‍ കൂറുമാറിയ 17 എം എല്‍ എമാര്‍ക്കും അന്നത്തെ സ്പീക്കര്‍ നിലവിലെ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ നടപടിയെയാണ് സുപ്രീം കോടതി കൂറുമാറ്റത്തിനു പുത്തന്‍ വ്യാഖ്യാനം നല്‍കി റദ്ദാക്കിയത്. ഒരു ജനപ്രതിനിധി, അത് എം പിയായാലും എം എല്‍ എ ആയാലും അയോഗ്യനാക്കപ്പെട്ടാല്‍ സാധാരണ പൗരനാകും. പൗരനെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്നാണ് കോടതിയുടെ വ്യാഖ്യാനം. അതേസമയം, ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ പെടുന്നതാണ് കൂറുമാറ്റ നിരോധന നിയമം. എതിരാളികള്‍ക്കൊപ്പം ചേരാനോ അവരെ സഹായിക്കാനോ ഒരു ജനപ്രതിനിധി നിലവിലുള്ള പക്ഷം വിട്ടു പോയാല്‍ അത് കൂറുമാറ്റമായി കരുതണമെന്നാണ് നിയമം പറയുന്നത്. ഈ നിയമത്തിന്റെ അന്തസ്സത്തക്ക് കടകവിരുദ്ധമാണ് കോടതിയുടെ ഈ നിരീക്ഷണം.

സ്വാര്‍ഥ താത്പര്യാര്‍ഥമുള്ള ജനപ്രതിനിധികളുടെ കൂറുമാറ്റങ്ങള്‍ തടയാന്‍ നിലവിലെ നിയമം പര്യാപ്തമല്ലെന്നും കൂടുതല്‍ സമഗ്രമായ ഒരു നിയമ നിര്‍മാണം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും കര്‍ണാടകയിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ വിരല്‍ചൂണ്ടുന്നു. ബി ജെ പി. എം പിയായിരുന്ന വരുണ്‍ ഗാന്ധി 2016ല്‍ ഇതുസംബന്ധിച്ചു ഒരു ബില്‍ അവതരിപ്പിച്ചിരുന്നു. മണ്ഡലത്തിലെ വോട്ടര്‍മാര്‍ ജനപ്രതിനിധിയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരല്ലെങ്കില്‍, മണ്ഡലത്തിലെ നാലിലൊന്ന് വോട്ടര്‍മാര്‍ ഒപ്പിട്ട അപേക്ഷ സമര്‍പ്പിച്ചാല്‍ അത്തരം ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവസരം നല്‍കണമെന്നു വ്യവസ്ഥ ചെയ്യുന്നതായിരുന്നു പ്രസ്തുത ബില്‍. ജനങ്ങള്‍ക്ക് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ അധികാരമുണ്ടെങ്കില്‍ അവര്‍ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴോ, ചുമതലകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുമ്പോഴോ വോട്ടര്‍മാരുടെ താത്പര്യത്തിനു വിരുദ്ധമായി നീങ്ങുമ്പോഴോ അവരെ നീക്കം ചെയ്യാനുള്ള അധികാരവും യുക്തിപരമായും നീതിപരമായും ജനങ്ങള്‍ക്ക് ലഭിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയും ഇതിനെ അനുകൂലിച്ചിരുന്നു. ഇത്തരമൊരു നിയമം വന്നാല്‍ കൂറുമാറിയ എം എല്‍ എമാരെ വോട്ടര്‍മാര്‍ക്ക് തിരിച്ചു വിളിക്കാനുള്ള അവസരം ലഭിക്കുകയും കൂറുമാറ്റത്തിന് തടയിടാന്‍ വലിയൊരളവോളം സഹായകമാകുകയും ചെയ്യും. എന്നാല്‍ വരുണ്‍ ഗാന്ധിയുടെ ബില്ലിനോട് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവെ ആഭിമുഖ്യം കാണിച്ചില്ല. അധികാരം നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും ആവശ്യമാണല്ലോ ചിലപ്പോള്‍ കുതിരക്കച്ചവടവും കൂറുമാറ്റവും.