മഹാരാഷ്ട്ര ത്രികക്ഷി സഖ്യം യാഥാര്‍ഥ്യത്തിലേക്ക്; നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും

Posted on: November 16, 2019 10:00 am | Last updated: November 16, 2019 at 6:51 pm

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും എന്‍ സി പിയും ഒരുമിച്ചുള്ള സര്‍ക്കാര്‍ യാഥാര്‍ഥ്യത്തിലേക്ക്. മൂന്ന് പാര്‍ട്ടികളുടേയും മുതിര്‍ന്ന നേതാക്കള്‍ ഇന്ന് വൈകിട്ട് മൂന്നിന് ഒരുമിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ കാണും. മാഹാരാഷ്ട്രയിലെ കര്‍ഷക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് ഗവര്‍ണറെ കാണുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സഖ്യ സര്‍ക്കാറിനായി മൂന്ന് പാര്‍ട്ടികളും ധാരണയിലെത്തിയ കാര്യം അറിയിച്ചേക്കും.

സഖ്യ സര്‍ക്കാര്‍ ഉറപ്പിച്ചതായി വ്യക്തമാക്കി എന്‍ സി പി അധ്യക്ഷന്‍ രംഗത്തെത്തി. മൂന്ന് പാര്‍ട്ടികളും തമ്മിലുള്ള സഖ്യം സുസ്ഥിരമായിയിരിക്കും. എത്രയും പെട്ടന്ന് തന്നെ സര്‍ക്കാര്‍ അധികാരത്തിലേറും. അഞ്ച് വര്‍ഷം തികച്ച് ഭരിക്കും. ഇടക്കാല തിരഞ്ഞെടുപ്പ് വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് വേണ്ടെന്നും പവാര്‍ പറഞ്ഞു.

മുഖ്യമന്ത്രി മുതല്‍ ബോര്‍ഡ്- കോര്‍പറേഷനുകളില്‍ വരെ അധികാരം പങ്കിടുന്നതിനെക്കുറിച്ച് ധാരണ എത്തി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഓരോ പാര്‍ട്ടിക്കും ലഭിക്കുന്ന വകുപ്പുകളും തീരുമാനിച്ചു. ഇനി് ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം. സര്‍ക്കാറിന്റെ പൊതുമിനിമം പരിപാടിയുടെ കരടും തയ്യാറാക്കി. ഇക്കാര്യങ്ങളെല്ലാം കൂടിക്കാഴ്ചയില്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ മുഖ്യമന്ത്രിസ്ഥാനം കൂടാതെ 16 മന്ത്രിസ്ഥാനമാണ് തങ്ങള്‍ക്കു വേണ്ടതെന്ന നിലപാടിലാണ് ശിവസേന. എന്‍ സി പിക്ക് 14 സ്ഥാനം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 12 സ്ഥാനം മാത്രമാണു ലഭിക്കുക. ഇപ്രകാരമാണ് പൊതുമിനിമം പദ്ധതി തയ്യാറായിരിക്കുന്നത്.