National
മഹാരാഷ്ട്രയില്‍ ബിജെപി ഇതര സര്‍ക്കാര്‍ വരും; മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ഇതര സര്‍ക്കാറിന് കളമൊരുങ്ങുന്നു. ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യമാണ് സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മൂന്ന് പാര്‍ട്ടിയിലെ നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും. മുഖ്യമന്ത്രി സ്ഥാനം ശിവസേന കൈയാളും . എന്‍സിപിയും കോണ്‍ഗ്രസും ഉപമുഖ്യമന്ത്രി സ്ഥാനവഹിക്കുമെന്നും അറിയുന്നു. ം
സഖ്യ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 48 മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. പൊതുമിനിമം പരിപാടിയുടെ കരടിന് രൂപം നല്‍കുകയും ചെയ്തു. ധാരണയനുസരിച്ച് സേന നയിക്കുന്ന സര്‍ക്കാരില്‍ എന്‍സിപിക്ക് 14 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിമാരും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ബിജെപിയേയും ശിവസേനയേയും എന്‍സിപിയേയും ക്ഷണിച്ചിരുന്നുവെങ്കിലും ആര്‍ക്കും കേവല ഭൂരിപക്ഷത്തിലെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മൂന്ന് പാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരണത്തില്‍നിന്നും പിന്‍മാറുകയായിരുന്നു. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറെക്കാലം സഖ്യത്തിലായിരുന്ന ബിജെപിയും ശിവസേനയും തെറ്റി പിരിയാന്‍ കാരണമായത്.