റഫാലില്‍ സുപ്രീം കോടതി തുറന്നിട്ടത് അന്വേഷണത്തിനുള്ള വലിയ വാതില്‍; ജെ പി സി അന്വേഷിക്കണം: രാഹുല്‍ ഗാന്ധി

Posted on: November 14, 2019 8:43 pm | Last updated: November 15, 2019 at 11:14 am

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനു ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയെങ്കിലും അന്വേഷണത്തിന് ജസ്റ്റിസ് കെഎം ജോസഫ് വലിയ വാതിലാണ് തുറന്നിരിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാട് സംയുക്ത പാര്‍ലമെന്ററി കമ്മറ്റി (ജെ പി സി) അന്വേഷിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ഇതില്‍ ജസ്റ്റിസ് കെ എം ജോസഫ് എഴുതിയ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് റഫാല്‍ ഇടപാടില്‍ ജെപിസി അന്വേഷണ വേണമെന്ന് രാഹുല്‍ ഗാന്ധി  ആവശ്യപ്പെട്ടത്.

ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍നിന്നു 36 യുദ്ധവിമാനങ്ങള്‍ 59.000 കോടി രൂപയ്ക്കു വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ഡിസംബര്‍ 14ന് സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളില്‍ കഴമ്പില്ലെന്നും കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിടേണ്ട ആവശ്യമുണ്ടെന്നു കരുതുന്നില്ലെന്നും കാണിച്ചാണ് മൂന്നംഗ ബെഞ്ച് തള്ളിയത്. ചീഫ് ജസ്റ്റിസും ജസ്റ്റിസ് എസ് കെ കൗളും ചേര്‍ന്ന് ഒരു വിധി പുറപ്പെടുവിച്ചപ്പോള്‍ കെ.എം. ജോസഫ് പ്രത്യേക വിധിന്യായം എഴുതി. മറ്റു രണ്ടു പേരുടെയും വിധി അംഗീകരിച്ചുകൊണ്ടു തന്നെയായിരുന്നു ഇത്.

കെ.എം. ജോസഫിന്റെ വിധിന്യായത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് റഫാല്‍ ഇടപാടിലെ ക്രമക്കേട് അന്വേഷിക്കാന്‍ ജെപിസി രൂപീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. അഴിമതി നിരോധന നിയമപ്രകാരം സിബിഐക്ക് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുകയും കക്ഷികള്‍ സിബിഐയെ സമീപിക്കുകയും ചെയ്താല്‍ റഫാല്‍ ഇടപാടില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാമെന്നായിരുന്നു കെ എം ജോസഫിന്റെ വിധിന്യായത്തിലെ പരാമര്‍ശം