ശബരിമല, റഫാല്‍ കേസുകളില്‍ വിധി ഇന്ന്

Posted on: November 14, 2019 9:21 am | Last updated: November 14, 2019 at 6:42 pm

ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വഴിവെച്ച രണ്ട് സുപ്രധാന കേസുകളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട കേസിലും കേന്ദ്ര സര്‍ക്കാറിന്റെ റഫാല്‍ വിമാന ഇടപാടിലെ അഴിമതി സംബന്ധിച്ച കേസിലുമാണ് പരമോന്നത കോടതി വിധി പ്രസ്താവം നടത്തുക. രാവിലെ പത്തരക്കാണ് ശബരിമലയില്‍ വിധി പ്രഖ്യാപനമുണ്ടാകുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വെള്ളിയാഴ്ച വിരമിക്കാനിരിക്കെയാണ് ഇരു കേസുകളിലെയും പുനപ്പരിശോധനാ ഹരജികളില്‍ വിധി പ്രസ്താവിക്കുന്നത്.

ഒരു വ്യാഴവട്ടം നീണ്ട വിചാരണകള്‍ക്കൊടുവിലാണ് പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിടുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കിയത് കടുത്ത വിവാദങ്ങള്‍ക്ക് ഇടയാക്കി. തുടര്‍ന്ന് വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹരജികള്‍ കോടതി മുമ്പാകെയെത്തി.

ഫ്രാന്‍സിലെ ദസൊ ഏവിയേഷന്‍ കമ്പനിയില്‍ നിന്ന് 36 റഫാല്‍ യുദ്ധ ജെറ്റുകള്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ചുള്ളതാണ് റഫാല്‍ കേസ്. 59,000 കോടി രൂപക്ക് ഇത്രയും വിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നും ഇതേകുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമുള്ള ഹരജി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് പുനപ്പരിശോധനാ ഹരജി സമര്‍പ്പിക്കപ്പെട്ടത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഇരു കേസുകളിലും വിധിപറയുക. മേയ് 10 നാണ് തുറന്ന കോടതിയില്‍ വാദം കേട്ടശേഷം ഹരജികള്‍ വിധി പറയാന്‍ മാറ്റിയത്. റഫാല്‍ കേസില്‍ ഛൗക്കിദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന് സുപ്രീം കോടതി പറഞ്ഞുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരായ ഹരജിയിലും ഇന്ന് വിധിയുണ്ടാകും. ബി ജെ പി നേതാവ് മീനാക്ഷി ലേഖി എം പിയാണ് പ്രസ്താവനക്കെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കിയത്.