മഹാരാഷ്ടയില്‍ രാഷ്ട്രപതി ഭരണം

Posted on: November 12, 2019 5:48 pm | Last updated: November 13, 2019 at 9:38 am

ന്യൂഡല്‍ഹി: മഹാരാഷ്ടയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര മന്ത്രി സഭയുടെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ, മഹാരാഷ്ട്ര നിയമസഭ മരവിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന് 19 ദിവസങ്ങള്‍ക്കു ശേഷമാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നത്.

20 ദിവസം നീണ്ടുനിന്ന അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്തിരുന്നത്.

അതിനിടെ, ഗവര്‍ണറുടെ നടപടിക്കെതിരെ ശിവസേന സുപ്രീം കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ തങ്ങള്‍ക്ക് ആവശ്യത്തിന് സമയം നല്‍കിയില്ലെന്നും ബി ജെ പിക്ക് കൂടുതല്‍ സമയം അനുവദിച്ചതായും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കബില്‍ സിബല്‍ വഴിയാണ് ശിവസേന ഹരജി നല്‍കിയിരിക്കുന്നത്. ബി ജെ പിക്ക് സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ മൂന്ന് ദിവസം നല്‍കിയപ്പോള്‍ തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രമാണ് ഗവര്‍ണര്‍ നല്‍കിയതെന്ന് ഹരജിയില്‍ പറയുന്നു.