അയോധ്യ: കോടതി വിധിയില്‍ മുസ്ലിംങ്ങള്‍ നിരാശര്‍: മുസ്ലിം ലീഗ്

Posted on: November 11, 2019 3:39 pm | Last updated: November 11, 2019 at 3:39 pm

മലപ്പുറം: അയോധ്യ കേസിലെ സുപ്രീം കോടതി വിധി രാജ്യത്തെ മുസ്ലിംങ്ങളെ സംബന്ധിച്ച് ഏറെ നിരാശാജനകമെന്ന് മുസ്ലിംലീഗ്. കേസില്‍ ഭാവി നടപടി എന്ത് സ്വീകരിക്കണമെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയതായി ലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അയോധ്യ കോടതി വിധി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന പ്രസിന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വിധിയില്‍ ഏറെ വൈരുധ്യങ്ങള്‍ ഉണ്ടെന്നാണ് ലീഗ് വിലയിരുത്തല്‍. അയോധ്യയില്‍ പള്ളി തകര്‍ത്തതും പള്ളിക്കുള്ളില്‍ വിഗ്രംകൊണ്ടുവെച്ചതും ക്രിമനല്‍ കുറ്റമെന്ന് കോടതി പറയുന്നുണ്ട്. ഇത് സംബന്ധിച്ച ക്രിമിനല്‍ കേസുകളും അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഭാവി തീരുമാനിക്കാന്‍ മുസ്‌ലിം സംഘടനകളുമായും മതനിരപേക്ഷ പ്രസ്ഥാനങ്ങളുമായും ചര്‍ച്ച നടത്താനാണ് പാര്‍ട്ടി തീരുമാനം. ഇതിനായാണ് ഖാദര്‍ മൊയ്തീന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും പോഷകസംഘടനാ ഭാരവാഹികള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട നേതാക്കളുടെയും യോഗത്തിലാണ് വിലയിരുത്തല്‍.