2016ല്‍ രാജ്യത്ത് ജീവനൊടുക്കിയത് 11379 കര്‍ഷകര്‍; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ ക്രൈം റെക്കോര്‍ഡ് കണക്കുകള്‍ പുറത്ത്

Posted on: November 11, 2019 3:14 pm | Last updated: November 11, 2019 at 3:14 pm

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക ആത്മഹത്യ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ മറച്ചുപിടിക്കുന്നതായ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ 2016ലെ കണക്കുകള്‍ പുറത്ത്. 2016ല്‍ രാജ്യത്ത് 11,379 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പറയുന്നു. 2014നേയും 2015നേയും അപേക്ഷിച്ച് 2016ല്‍ കര്‍ഷക ആത്മഹത്യയില്‍ 20 ശതമാനത്തിന്റെ കുറവുണ്ടെന്ന് കണക്ക് പറയുന്നു. 2014ല്‍ 12,360 കര്‍ഷകരും 2015ല്‍ 12,602 കര്‍ഷകരുമാണ് ആത്മഹത്യ ചെയ്തത്.

എന്നാല്‍ കര്‍ഷക തൊഴിലാളിയുടെ ആത്മഹത്യയില്‍ പത്ത് ശതമാനത്തിന്റെ വര്‍ധനവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒന്നാം മോദി സര്‍ക്കാറിന്റെ കര്‍ഷക ആത്മഹത്യകളുടെ കണക്കുകള്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുറത്തുവരുന്നത്.
2015 ലാണ് എന്‍ സി ആര്‍ ബി ഇതിനുമുമ്പു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം കര്‍ഷക ആത്മഹത്യയില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 3,661 പേര്‍ മഹാരാഷ്ട്രയില്‍ ജീവനൊടുക്കി. 2,079 ആത്മഹത്യകളുമായി കര്‍ണാടകയാണ് തൊട്ടുപിന്നില്‍.

2016ല്‍ പ്രതിമാസം ശരാശരി 948 പേരും പ്രതിദിനം 31പേരും ആത്മഹത്യ ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്. പുരുഷന്മാരായ കര്‍ഷകരാണ് കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്. സ്ത്രീകളുടെ നിരക്ക് 8.6 ശതമാനമാണ്. കര്‍ഷക ആത്മഹത്യയുടെ കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. മുന്‍ വര്‍ഷങ്ങളില്‍ കര്‍ഷക ഇത് ഉള്‍പ്പെടുത്തിയിരുന്നു.