അഴിമതിക്കേസ്: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുല ഡാ സില്‍വ ജയില്‍ മോചിതനായി

Posted on: November 9, 2019 9:33 pm | Last updated: November 10, 2019 at 12:52 pm

ബ്രസീലിയ | ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡാ സില്‍വ ജയില്‍ മോചിതനായി. തടവിലായി ഒന്നര വര്‍ഷത്തിനു ശേഷമാണ് മോചനം. മേല്‍ കോടതികളില്‍ നല്‍കിയിട്ടുള്ള എല്ലാം അപ്പീലുകളിലും തീരുമാനമായ ശേഷമെ ഒരു പ്രതിയെ ജയിലിലടക്കാവൂവെന്ന് ബ്രസീല്‍ സുപ്രീം കോടതി വിധിച്ചതോടെയാണ് ലുല സ്വന്തന്ത്രനായത്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങള്‍ ചുമത്തി 2018 ഏപ്രിലിലാണ് ലുലയെ കുറിതിബ സിറ്റിയിലെ ജയിലിലടച്ചത്. ‘കാര്‍വാഷ്’ എന്ന പേരില്‍ കുപ്രസിദ്ധമായ അഴിമതിയാരോപണ കേസില്‍ 12 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് 72കാരനായ ലുലക്ക് കോടതി വിധിച്ചത്. ലുലക്കെതിരായ അപ്പീല്‍ കോടതി വിധി വിവാദ ജഡ്ജി സെര്‍ജിയോ മോറോ ശരിവക്കുകയായിരുന്നു.

ലുലയുടെ മോചനത്തെ അദ്ദേഹത്തിന്റെ അനുയായികള്‍ ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിച്ചത്. ജയിലിനു പുറത്ത് തടിച്ചുകൂടിയ നൂറുകണക്കിനു പേര്‍ ലുലയെ വരവേറ്റു. തടവിലായപ്പോഴും തന്നോടൊപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലുല നന്ദി പറഞ്ഞു. പോലീസും പ്രോസിക്യൂട്ടര്‍മാരും നികുതി വിഭാഗം അധികൃതരും നീതിന്യായ വ്യവസ്ഥയും ധാര്‍മികമായി ജീര്‍ണിച്ചുവെന്നതിന് തെളിവാണ് താന്‍ ജയിലില്‍ കഴിയേണ്ടി വന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ലുല പറഞ്ഞു. അവര്‍ ഒരു വ്യക്തിയെ ജയിലിലിടുകയല്ല ചെയ്തത്. ഒരാശയത്തെ കൊല്ലാന്‍ ശ്രമിക്കുകയാണ്. രാജ്യം മഹാദുരിതത്തെ അഭിമുഖീകരിക്കുകയാണ്. ജനങ്ങള്‍ പട്ടിണിയിലാണെന്നും തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2003 മുതല്‍ 2011 വരെ പ്രസിഡന്റായിരുന്ന ലുല ദശലക്ഷക്കണക്കിന് ബ്രസീലിയന്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ച നേതാവായാണ് പ്രകീര്‍ത്തിക്കപ്പെടുന്നത്.