Connect with us

Kerala

അയോധ്യ: മൂന്ന് പതിറ്റാണ്ടായി ക്ഷേത്രത്തിന് വേണ്ടി നടക്കുന്ന കൊത്തുപണികള്‍ നിര്‍ത്തിവെച്ചു

Published

|

Last Updated

അയോധ്യ: ബാബരി മസ്ജിദ് കേസില്‍ രണ്ട് ആഴ്ചക്കുള്ളില്‍ രാജ്യത്തെ പരമോന്നത കോടതി അന്തിമവിധി പറയാനിരിക്കെ അയോധ്യയില്‍ രാമക്ഷേത്രത്തിനായി വി എച്ച് പിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൊത്തുപണികള്‍ നിര്‍ത്തിവെച്ചു. 1992ല്‍ ബാബരി മസ്ജിദ് ആര്‍ എസ് എസ് കര്‍സേവര്‍ തകര്‍ക്കുന്നതിനും രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച കൊത്തുപണികളാണ് നിര്‍ത്തിവെച്ചത്. അയോധ്യയുടേയും ഫൈസാബാദ് ജില്ലയുടേയും വിവിധ ഭാഗങ്ങളിലായി കല്ലുകളിലും മാര്‍ബിളുകളിലുമായി നടക്കുന്ന കൊത്തുപണികളാണ് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ ആര്‍ എസ് എസിനെയും വി എച്ച് പിയേയുമെല്ലാം
രാജ്യത്ത് നിരോധിച്ചിരുന്നു. ഈ സമയത്തും രഹസ്യമായി നടന്നിരുന്ന കൊത്തുപണികളാണ് ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്.

കൊത്തുപണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗുജറാത്തിലെ ഭുജില്‍ നിന്നും സൗരാഷ്ട്രയില്‍ നിന്നുമുള്ള തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. സംഘനേതൃത്വമാണ് കൊത്തുപണി നിര്‍ത്താന്‍ തീരുമാനം എടുത്തതെന്നും എപ്പോഴാണ് കൊത്തുപണി പുനരാരംഭിക്കുകയെന്ന കാര്യം രാമജന്മഭൂമി ന്യാസ് തീരുമാനിക്കുമെന്നും വിശ്വഹിന്ദു പരിഷത് വക്താവ് ശരദ് ശര്‍മ പ്രതികരിച്ചു. അതേസമയം ക്ഷേത്രത്തിനു വേണ്ടിയുള്ള സംഭാവന വാങ്ങിക്കുന്നത് വി എച്ച് പി തുടരുന്നുണ്ട്.

1990ല്‍ മുലായം സിഗ് യാദവ് യു പി മുഖ്യമന്ത്രിയായിരിക്കെയാണ് അയോധ്യയില്‍ വി എച്ച് പി ക്ഷേത്ത്രിനുള്ള കൊത്തുപണികള്‍ ആരംഭിച്ചത്. ഇതുവരെ ഒന്നേകാല്‍ ലക്ഷം ക്യുബിക് അടി കല്ലിന്റെ പണി കഴിഞ്ഞതായാണ് വി എച്ച് പി പറയുന്നത്.