Connect with us

Ongoing News

അനുചരെ അവിടുന്ന് പഠിപ്പിച്ചു

Published

|

Last Updated

ആഇശ ബീവി(റ) പറഞ്ഞതായി ഇബ്‌നുന്നജ്ജാർ ഉദ്ധരിച്ചു. ആയുധം കൊണ്ടാണ് നാടുകൾ കീഴടക്കപ്പെടാറ്. എന്നാൽ ഖുർആൻ കൊണ്ടാണ് മദീന കീഴടക്കപ്പെട്ടത്. മക്കയിൽ വെച്ചുണ്ടായ ശത്രുക്കളുടെ ആക്രമണങ്ങൾ മൂലം, ഒരു ഏറ്റുമുട്ടലിന് തയ്യാറാകാതെ സമാധാനം കാംക്ഷിച്ചാണ് പ്രവാചകർ(സ) മദീനയിലേക്ക് പലായനം ചെയ്യുന്നത്. നിരായുധരും അംഗബലം കുറഞ്ഞവരുമായിട്ടാണ് മദീനയിൽ എത്തുന്നത്. ആയുധമായി കൈയിലുള്ളത് ഖുർആനിന്റെ മാസ്മരിക വചനങ്ങൾ മാത്രം. ആകർഷണീയം, കാലികം, തിന്മകൾക്കെതിരെ ശബ്ദിക്കുന്നു, നന്മയെ ഉദ്‌ഘോഷിക്കുന്നു. 40ാം വയസ്സിൽ നുബുവ്വത്ത് ലഭിച്ച് 13 വർഷം മക്കയിൽ പരസ്യപ്രബോധനത്തിന് അനുവദിക്കപ്പെടാത്ത കാലം, പിന്നീട് പത്ത് വർഷമാണ് ഹിജ്‌റക്ക് ശേഷം മദീന കേന്ദ്രമായി നബി(സ) ജീവിച്ചത്. ഈ പത്ത് വർഷമാണ് പ്രബോധന രംഗത്ത് എടുത്തു പറയാനുള്ള കാലം. ഈ ചുരുങ്ങിയ കാലത്ത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട നബി(സ)യുടെ വിപ്ലവം ലോകത്ത് തുല്യത ഇല്ലാത്തതാണ്.

മദീനയിൽ നബി(സ)യെ കാത്തുനിന്നത് തീർത്തും അനുകൂലായ സാഹചര്യമായിരുന്നില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്ര വൈരങ്ങൾ ,കലഹങ്ങൾ , സാംസ്‌കാരിക അധ:പതനം , അവകാശ ധ്വംസനങ്ങൾ. പിതാവോ ബന്ധുവോ ആരെങ്കിലും മരണപ്പെട്ടാൽ സ്ത്രീകൾക്കും കുട്ടികൾക്കും സ്വത്തിൽ അവകാശമില്ല, സൂര്യ,ചന്ദ്ര,ഗ്രഹണങ്ങൾ പോലും പ്രമുഖരുടെ മരണം നിമിത്തമാണെന്ന് വിശ്വസിച്ച് പോന്ന അന്ധവിശ്വാസങ്ങൾ നിറഞ്ഞ ജനത, സ്ത്രീകളെ ആർത്തവ സമയത്ത് വീട്ടിൽ നിന്ന് അകറ്റി നർത്തപ്പെട്ടു. ശുദ്ധിയാകുന്നത് വരെ കൂടെയിരുന്ന് ഭക്ഷണം കഴിക്കാനോ സഹവാസത്തിനോ അനുവദിച്ചില്ല. ദാരിദ്ര്യം മറ്റൊരു വെല്ലുവിളിയായിരുന്നു. സമാധാനമാഗ്രഹിച്ച് നാടു വിട്ട് 450 കിലോമീറ്ററകലെയുള്ള മദീനയിലേക്ക് പലായനം ചെയ്‌തെങ്കിലും മക്കയിലെ ശത്രുക്കൾ മദീനയിലും ആക്രമണം നടത്താൻ തയ്യാറെടുത്തതിനാൽ പ്രതിരോധ രംഗത്ത് ജാഗ്രത പുലർത്തേണ്ടി വന്നു. ഈ സാഹചര്യങ്ങൾക്കെല്ലാം ഇടയിലാണ് ലോകത്ത് ഒരു മഹാ വിപ്ലവം ഖുർആനിലൂടെ നബി(സ)സൃഷ്ടിക്കുന്നത്.

മറ്റ് ദൈവിക ഗ്രന്ഥങ്ങളെ പോലെ ഒന്നിച്ച ഒരു ഗ്രന്ഥമായിട്ടല്ല ഖുർആൻ അവതരണം. ഘട്ടംഘട്ടങ്ങളിലായി അവതരിച്ച സൂക്തങ്ങളാണെങ്കിൽ ക്രമത്തിലുമല്ല. ആദ്യമിറങ്ങിയ ഇഖ്‌റഅ് എന്ന വചനം മുസ്ഹഫിന്റെ അവസാന ഭാഗത്താണുള്ളത്. ഇലാഹ് സന്ദേശമനുസരിച്ച് ഇവകളെ ക്രമം തെറ്റാതെ വള്ളി പുള്ളി വ്യത്യാസമില്ലാതെ ക്രോഡീകരിച്ച് അതും എഴ് പാരായണ ശൈയിലിയായി ശിഷ്യമാരെ പഠിപ്പിച്ചെടുത്തു. പാരായണം മാത്രമല്ല ആശയം, പ്രത്യേകമായ എഴുത്ത് എന്നിവയും യുദ്ധം തുടങ്ങിയ പ്രതിസന്ധികൾക്കിടയിലും യൗവ്വനം കഴിഞ്ഞ ശിഷ്യൻമാർ വരെ ഇത് മന:പാഠമാക്കിയെടുക്കുന്നു. ഇതിന് പുറമെ നബി(സ)യുടെ ലക്ഷക്കണക്കിന് തിരുമൊഴികളും സ്വഹാബികൾ മന:പാഠമാക്കി. ലോകം തന്നെ പിന്നീട് മാതൃകയാക്കിയ സമഗ്രമായ ഒരു ജീവിത ഭരണഘടന നബി(സ)തങ്ങൾ മനുഷ്യർക്ക് സമ്മാനിച്ചു. ആരാധനാ ശാസ്ത്രം, വ്യവഹാര ശാസ്ത്രം, കുടുംബശാസ്ത്രം, ശിക്ഷാനിയമങ്ങൾ എന്നി നാല് ഭാഗങ്ങളായി തിരിക്കാവുന്ന സമ്പൂർണ നിയമസംഹിത. സ്ത്രീകൾക്കും കുട്ടികൾക്കും സ്വത്തവകാശം നൽകി ഏറെ തർക്കങ്ങൾക്ക് ഇടയാക്കാവുന്ന സ്വത്തവകാശ നിയമത്തിൽ അഗ്രേസരൻമാരായിരുന്നു അവിടുത്തെ ശിഷ്യൻമാർ. വൈരുധ്യങ്ങൾക്കോ ആശയക്കുഴപ്പങ്ങൾക്കോ ഇടമില്ലാത്തതായിരുന്നു നിയമങ്ങളെല്ലാം.

Latest