Connect with us

Gulf

അഹല്യ മണി എക്‌സ്‌ചേഞ്ച് റിസീവര്‍ ഭരണത്തിലേക്ക്

Published

|

Last Updated

അബുദാബി: കഴിഞ്ഞ 23 വര്‍ഷമായി യു.എ.ഇയിലെ ധന വിനിമയ രംഗത്ത് പ്രവര്‍ത്തിക്കുന്ന അഹല്യ മണി എക്‌സ്‌ചേഞ്ച് റിസീവര്‍ ഭരണത്തിലേക്ക്. നാല് ദശാബ്ദക്കാലമായി യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന അഹല്യ മെഡിക്കല്‍ ഗ്രൂപ്പിന്റെ സംരംഭമാണ് അഹല്യ എക്‌സ്‌ചേഞ്ച്. എക്‌സ്‌ചേഞ്ചിന്റെ പുതിയ വഴിത്തിരിവുകളെക്കുറിച്ച് അബുദാബി അഹല്യ ആശുപത്രിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് പ്രതിനിധികള്‍ വ്യക്തമാക്കിയത്.

“കഴിഞ്ഞ കുറേ നാളുകളായി അഹല്യ മണി എക്‌സ്‌ചേഞ്ചിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ:വി.എസ്.ഗോപാലും അഹല്യ എക്‌സ്‌ചേഞ്ച് സ്‌പോണ്‍സറുമായി നിയമതര്‍ക്കങ്ങള്‍ നടന്നുവരികയായിരുന്നു. ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പാണ് ഈ തകര്‍ക്കങ്ങളെക്കുറിച്ച് സുപ്രധാനപ്പെട്ട ഒരു വിധി പ്രഖ്യാപിക്കപ്പെട്ടത്. ഈ വിധി പ്രകാരം അഹല്യ എക്‌സ്‌ചേഞ്ചിന്റെ ഭരണം കോടതി നിയോഗിച്ച റിസീവറില്‍ നിക്ഷിപ്തമായിരിക്കുകയാണ്. അതുകൊണ്ട് ഇനി മേലില്‍ അഹല്യ മെഡിക്കല്‍ ഗ്രൂപ്പിനും ഡോ:വി.എസ്.ഗോപാലിനും അഹല്യ എക്‌സ്‌ചേഞ്ചിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലോ മാനേജ്‌മെന്റിലോ യാതൊരു പങ്കാളിത്തവും ഉണ്ടായിരിക്കുന്നതല്ല. 1996 മുതല്‍ അഹല്യ എക്‌സ്‌ചേഞ്ചില്‍ പ്രവാസി സമൂഹം അര്‍പ്പിച്ച വിശ്വാസത്തിനും സഹകരണത്തിനും അഹല്യ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ:ഗോപാല്‍ നന്ദി രേഖപ്പെടുത്തുന്നു. അഹല്യയുടെ വളര്‍ച്ചയില്‍ പങ്ക് വഹിച്ച എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും ഡോ: വി.എസ്.ഗോപാല്‍ അദ്ധേഹത്തിന്റെ സ്വന്തം പേരിലും അഹല്യ കുടുംബത്തിന്റെ പേരിലും നന്ദി പറയുന്നു.” കഴിഞ്ഞ നാല് പതിറ്റാണ്ടായി ജന മനസുകളില്‍ ആര്‍ജിച്ച ഉത്തമ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന രീതിയില്‍ ഇനിയുള്ള നാളുകളത്രയും ആരോഗ്യരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഡോ: ഗോപാല്‍ അറിയിച്ചതായി പ്രതിനിധികള്‍ പത്രസമ്മളനത്തില്‍ അറിയിച്ചു. അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സൂരജ് പ്രഭാകര്‍, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ ഉമേഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.