Connect with us

Kerala

പോക്‌സോ കേസുകളുടെ നടത്തിപ്പിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമതി രൂപീകരിക്കും

Published

|

Last Updated

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാറിനും പോലീസിനുമെതിരായ പ്രതിഷേധം ശക്തമാകവെ പോക്‌സോ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ സമതി രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനിച്ചത്. അഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതിപട്ടികവര്‍ഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ സമിതിയില്‍ അംഗങ്ങളാവും. രണ്ടു മാസം കൂടുമ്പോള്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ സംവിധാനം ഉണ്ടാക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വീടുകളിലടക്കം നേരിടേണ്ടി വരുന്ന പീഡനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികള്‍ക്ക് ലഭിക്കണം. ഇതിനായി കൗണ്‍സലര്‍മാര്‍ക്ക് പരിശീലനവും നിയമ ബാധവത്ക്കരണവും നല്‍കാനും യോഗം തീരുമാനിച്ചു.

സ്‌കൂള്‍ പരിസരത്ത് ലഹരി വസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പോലീസ്, എക്‌സൈസ് വകുപ്പുകള്‍ ഇക്കാര്യത്തില്‍ കര്‍ക്കശമായ ഇടപെടല്‍ നടത്തണം. കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും സൈബര്‍ ഫോറന്‍സിക് ലബോറട്ടറി സംവിധാനം ശക്തിപ്പെടുത്തും.പോക്‌സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ പോക്‌സോ കോടതികള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി.

Latest