Connect with us

Kerala

യു എ പി എ ചുമത്തിയതിനോട് എതിര്‍പ്പ്, അറസ്റ്റില്‍ തെറ്റില്ല: മുഖ്യമന്ത്രി നിയമസഭയില്‍

Published

|

Last Updated

തിരുവനന്തപുരം: മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ചതുമായി ബന്ധപ്പെട്ട് കോഴിക്കോട് പന്തീരങ്കാവില്‍ രണ്ട് യുവാക്കള്‍ക്ക് യു എ പി എ വകുപ്പ് ചുമത്തിയ നടപടിയെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, അറസ്റ്റ് ചെയ്ത നടപടിയില്‍ തെറ്റൊന്നുമില്ലെന്ന തരത്തിലാണ് അദ്ദേഹം നിയമസഭയില്‍ പ്രസ്താവന നടത്തിയത്. പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

മാവോയിസ്റ്റ് വേട്ടയും പന്തീരങ്കാവിലെ അറസ്റ്റും ഭരണകൂട ഭീകരതയാണെന്നും ഇത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ ബാഗില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖയും താഹ ഫസലിന്റെ വീട്ടില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകവും കണ്ടെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പുറമെ, പോലീസ് എത്തിയപ്പോള്‍ താഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അതേസമയം, യു എ പി എ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തും.

യു എ പി എ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇടത് സര്‍ക്കാര്‍ മുന്‍കരുതല്‍ കൈക്കൊണ്ടിരുന്നു. 1967 ല്‍ ആരാണ് യു എ പി എ കൊണ്ടുവന്നതെന്ന് എല്ലാവര്‍ക്കുമറിയാം. 2019 ല്‍ ബി ജെ പി വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കുക സാധ്യമാകും വിധം നിയമം ഭേദഗതി ചെയ്തപ്പോള്‍ ഇടതുപക്ഷം മാത്രമാണ് ഇതിനെ എതിര്‍ത്തത്. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്തെടുത്ത 6 യു എ പി എ കേസുകള്‍ നിലവിലെ സര്‍ക്കാര്‍ റദ്ദാക്കുകയാണ് ചെയ്തത്. കരിനിയമത്തിന് അനുകൂലമായി ബി ജെ പിക്കൊപ്പം നിന്ന യു ഡി എഫും കോണ്‍ഗ്രസും ഇപ്പോള്‍ പൗരാവകാശ സംരക്ഷകരുടെ വേഷം കെട്ടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അട്ടപ്പാടിയിലുണ്ടായത് വ്യാജ ഏറ്റുമുട്ടലല്ലെന്നും മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കേണ്ട കാര്യമില്ലെന്നും പിണറായി പറഞ്ഞു. കീഴടങ്ങാന്‍ വന്നവരെയല്ല പോലീസ് വെടിവച്ചത്. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന് എതിരെയും ഇതുവരെ ആരോപണങ്ങളൊന്നും ഉയര്‍ന്നിട്ടില്ല.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശമുണ്ടായതു കൊണ്ടു മാത്രം ഒരാള്‍ മാവോയിസ്റ്റ് ആകുമോ എന്നും കോടതിയുടെ പരിഗണനയില്‍ ഉള്ള കേസ് പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാന്‍ കഴിയുമെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ കുട്ടികള്‍ക്കെതിരായാണ് യു എ പി എ ചുമത്തിയിട്ടുള്ളത്. മാവോയിസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത പോലീസുകാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. മാവോയിസ്റ്റ് നേതാവ് മണിവാസകത്തെ തലയില്‍ വെടിവെച്ചാണ് കൊലപ്പെടുത്തിയത്. മറ്റുള്ളവരെ പിന്നില്‍ നിന്ന് വെടിയുതിര്‍ത്ത് കൊന്നു. ഇത്തരം നടപടികള്‍ ശരിയാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

സി പി എമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം പോലീസ് നടപടിയെ കുറ്റപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. ഏഴ് പേരെ വെടിവച്ച് കൊന്നതിന്റെ കുറ്റബോധമാണ് മുഖ്യമന്ത്രിക്ക്. പോലീസിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Latest