Gulf
ബ്രസീല്‍- അര്‍ജന്റീന പോരാട്ടം ഈ മാസം 15ന് റിയാദില്‍; നീല ജേഴ്‌സിയില്‍ മെസി മടങ്ങിയെത്തും

ദമാം: സഊദിയിലെ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന ബ്രസീല്‍- അര്‍ജന്റീന പോരാട്ടത്തിന് റിയാദ് ഒരുങ്ങി. ഈ മാസം 15ന് കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകള്‍ മാറ്റുരക്കുന്നത്. സഊദിയിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം അസുലഭമായ അവസരാണ് കൈവരുന്നത്. സ്വന്തം നാട്ടില്‍ ഒരിക്കല്‍ പോലും കണാന്‍ കഴിയാത്ത പോരാട്ടത്തിന് നേര്‍ സാക്ഷിയാകാന്‍ ഇവര്‍ക്കാവും. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പേരില്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്ന മെസിയുടെ തിരിച്ചു വരവ് കൂടിയാണ് റിയാദിലെ മത്സരം .ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആക്രമണ നിരയോടുകൂടിയാണ് അര്‍ജന്റീനയുടെ വരവ്.
ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് ബ്രസീല്‍ ടീം അര്‍ജന്റീനയുമായി കളിക്കുന്ന വിവരം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ജിദ്ദയില്‍ വെച്ച് നടന്ന മത്സരത്തില്‍ ബ്രസീല്‍ ഒരു ഗോളിന് അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു.
വിഷന്‍ 2030 ന്റെ ഭാഗമായി ലോക കായിക ഭൂപടത്തില്‍ ഇടം നേടാനുള്ള ശ്രമത്തത്തിലാണ് സഊദി അറേബ്യ. ഇതിന്റെ ഭാഗമായി രാജ്യാന്തര ടീമുകളെ സഊദിയിലെത്തിക്കുക വഴി കൂടുതല്‍ ഫുട്‌ബോള്‍ ആരാധകരെ സഊദിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം.