വിദ്യാര്‍ഥികള്‍ക്കെതിരായ യു എ പി എ പുനപ്പരിശോധിക്കും: പോലീസിനുമേല്‍ സമ്മര്‍ദം ശക്തം

Posted on: November 2, 2019 8:17 pm | Last updated: November 3, 2019 at 9:18 am

കോഴിക്കോട്: സി പി എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കെതിരായ യു എ പി എ കേസ് പിന്‍വലിക്കില്ലെന്ന് ഉന്നത പോലീസ് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കേസ് പിന്‍വലിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം ഊര്‍ജിതം. യു എ പി എ സമിതി പരിശോധിച്ച ശേഷമാകും പ്രോസിക്യൂഷന് അനുമതി നല്‍കുക. വിദ്യാര്‍ഥികള്‍ക്കെതിരായ പന്തീരങ്കാവ് പോലീസിന്റെ കുറ്റപത്രത്തില്‍ നിന്ന് യു എ പി എ നീക്കം ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് എടുത്ത ആറ് യു എ പി എ കേസുകളില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ യു എ പി എ ഒഴിവാക്കിയിരുന്നു. പ്രോസിക്യൂഷന് അനുമതി നല്‍കാതെയായിരുന്നു ഇത് ഒഴിവാക്കിയത്. ഇത്തരത്തിലുള്ള നീക്കത്തിനാണ് ഇപ്പോഴും കൂടുതല്‍ സാധ്യത.

വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് കുറ്റപത്രത്തില്‍ സി പി എം നേതാക്കള്‍ക്ക് പുറമെ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഡി ജി പിയെ അറിയിച്ചു കഴിഞ്ഞു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ പോലീസ് തിരുത്തല്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിദ്യാര്‍ഥികള്‍ക്കെതിരെ യു എ പി എ ചുമത്തയിതിനെതിരെ സി പി എം പോളിറ്റ്‌ബ്യോറോ അംഗം എം എ ബേബി, കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരെല്ലാം പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. വരും ദിവസങ്ങളില്‍ സി പി എമ്മനുള്ളില്‍ ഇത് വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് പോലീസിന് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുന്നത്.

അതിനിടെ അറസ്റ്റിലായ അലന്‍ ശുഹൈബിനേയും താഹാ ഫൈസലിനേയും കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. അതേസമയം തങ്ങള്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുകയാണെന്ന് കോടതിയില്‍ വച്ച് യുവാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ച് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് അറസ്റ്റെന്നാണ് പോലീസ് പറയുന്നത്.